ബലൂണ്‍

ശ്വാസകോശത്തിലെ അവസാന പ്രാണവായുവിന്റെ ശക്തിയില്‍ വലിച്ചു പിടിച്ച ബലൂണിലേക്ക് ആഞ്ഞൂതുമ്പോള്‍ കൊളുത്തിട്ട് വലിക്കുന്നത് പോലെ തോന്നി ഏര്‍പ്പക്കാരന്‍ വീട്ടില്‍ അമ്പുവിന്.എത്രയൂതിയിട്ടും ബലൂണ്‍ വലുതാകാത്ത പോലെ.ഊതിയ ഭാഗം മടക്കിപ്പിടിച് ചെവിയോടു ചേര്‍ത്ത് കാറ്റ് പോകുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ഉള്ളിലേക്കാഞ്ഞു ശ്വാസമെടുത്ത ശേഷം വീണ്ടും ഊതാന്‍ തുടങ്ങുമ്പോഴാണ് ചുമച്ചു തുടങ്ങിയത്.കൊരവള്ളി പൊട്ടിത്തകരുന്ന പോലെ.നിര്‍ത്താതെ ചുമച്ചു അയാള്‍.മുഷിഞ്ഞു തുടങ്ങിയ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് കാസരോഗത്തിന് വൈദ്യര്‍ തന്ന താലീസ്‌ പത്രാദിവടകം എടുത്ത് വായിലിട്ടു.കീറി തുടങ്ങിയ കോളറില്‍ നിന്ന് ടവ്വല്‍ എടുത്ത് മുഖം തുടച്ചു അതെയിടത്ത്‌ തന്നെ വച്ചു.മേട മാസത്തെ സംക്രമം ആണ്.എന്നിട്ടും അധികം ആളുകളെയൊന്നും അമ്പലത്തിലേക്ക് കാണുനില്ലല്ലോ.അയാള്‍ നെടുവീര്‍പ്പിട്ടു.പിന്നെ എന്തിനോവേണ്ടിയെന്ന പോലെ ഓര്‍മയില്പരതി. ഹൊ.എന്തൊരാള്‍ക്കൂട്ടം.സൂചി കുത്താനിടമില്ല. “ അല്ലാ ചന്തൂ...നീ ചന്തക്ക് ബെക്കുന്നില്ലേ ബലൂണ്‍.” കടലക്കാരന്‍ വാസുവാണ്.ആരാധന തുടങ്ങിയതെ ഉള്ളൂ.14 ദിവസമാണ് പയ്യന്നൂര്‍ പെരുമാളുടെ ആരാധനാ മഹോല്‍സവം.ഒരു മാസം മുന്നേ തുടങ്ങും പയ്യന്നൂര്‍ക്കാരുടെ ഒരുക്കങ്ങള്‍.വീട് വൃത്തിയാക്കുന്നത് മുതല്‍ മിറ്റം ചാണകം തളിച് ശുദ്ധിയാക്കുന്നത് വരെ.അന്യനാട്ടിലുള്ള ബന്ധുക്കളെല്ലാം വരും.കുട്ടികള്‍ക്ക്‌ ആണ് ഏറ്റവും സന്തോഷം.സ്കൂള്‍വിട്ടുവന്നതിന് ശേഷം പാതിരാത്രി വരെ അമ്പലപ്പറമ്പില്‍ ചുറ്റി നടക്കാം.തൊട്ടു കളിക്കാം.മുള്ളുള്ള പുല്ലെറിഞ്ഞു കളിക്കാം.അതിനിടയില്‍ സ്വാമിമാരുടെ കെട്ടുനിറയുന്റെങ്കില്‍ തേങ്ങപറക്കാനും പോകാം,പിന്നെ ചന്തയിലാനെന്കിലോ പറയുകയും വേണ്ട.കളിപ്പാട്ടങ്ങളുടെ മേളം.ചിറയുടെ സൈഡിലേക്ക് ഒന്ന് വച്ചാല്‍ രണ്ട് നറുക്ക്.പിന്നെ വെയ് രാജാ വെയ്.വിരുന്ന് വന്ന ബന്ധുക്കളെ സോപ്പിട്ട് കിട്ടിയ ചില്ലറകള്‍ ഇങ്ങനെയൊക്കെയാണ് ചിലവാകുന്നത്. “നല്ല ബിസിനെസ്സ്‌ കിട്ടുന്ന സമയമാണ്,നീ സമയം കളയാണ്ട് നടക്കടുത്ത് പോയിക്കോ.ഞാന്‍ പാച്ചക്കര സൈഡില്‍ ആണ് വണ്ടി വക്കുന്നത്.നിനക്ക് പരിപാടിന്റെ നോട്ടീസ് കിട്ടീന? ഇല്ലെങ്കില്‍ ഇതെടുത്തോ.” വാസുവേട്ടന്‍ നീട്ടിയ ആരാധനാ മഹോത്സവത്തിന്റെ നോട്ടീസ് ആകാംക്ഷയോടെ വാങ്ങി.എന്നിട്ട് ചിത്രങ്ങള്‍ നോക്കി.പെരുമാളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ സന്തോഷമായി. “ ഇപ്രാവശ്യം ജോറ് പരിപാടികളാണ്.കല്യാശ്ശേരി നടന കലാകേന്ദ്രത്തിന്റെനാടകം പ്രഹ്ലാദന്‍.മാണി ചാക്യാരുടെ കൂത്ത്‌,പിന്നെ കഥകളി.” അക്ഷരമറിയാത്ത അമ്പു അങ്ങനെ നോട്ടിസിലെ പരിപാടികള്‍ എന്തെല്ലാമാണ് എന്നറിഞ്ഞു. “ ഓ ..കഴിഞ്ഞ പ്രാവശ്യത്തെ വച്ച് നോക്കുമ്പോള്‍ ഭേദാ.അല്ലാന്ന്ഈ കമ്മറ്റിക്കാര്‍ കഥകളി ബെക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.കഴിഞ്ഞ പ്രാവശ്യം ഇത് കാണാന്‍ ഞാനും അഞ്ചെട്ട് ആള്‍ക്കാരും മാത്രേ ഇണ്ടായിറ്റൂ.” വാസുവേട്ടന്‍ രോഷം കൊണ്ടു. അല്ലെങ്കിലും അമ്പലം കമ്മറ്റിക്ക് നാട്ടുകാരുടെ സംഭാവനയല്ലേ വേണ്ടൂ. “ഇനി സമയം കളഞ്ഞാല്‍ ബലൂണ്‍ ആണ്‍ പിള്ളേര് വിക്കും.” അമ്പല ചിറ വരെ നീണ്ടു നില്‍കുന്ന നടയരികിലെക്ക്. തന്‍റെ മുളംതടി കൊണ്ട് ഉണ്ടാക്കിയ എടുപ്പുമെടുത്ത്‌ അമ്പു നടന്നു. വാസുവേട്ടന്‍ പറഞ്ഞത്‌ നേരാണ്.തായമ്പകയും നാദസ്വരവും കാണാനാ ആളുകള്‍ അധികവും വര്വാ.കരിവേള്ളൂരുന്നും കുഞ്ഞിമംഗല്തുംനും രാമന്തളിന്നും ഒക്കെ കുടുംബായിറ്റ്‌ ആള്‍ക്കാരു വരും.കുട്യോള്‍ ഒരുപാട് ഉണ്ടാവും.അവര്‍ക്ക്‌ വേണ്ടി കൊരങ്ങന്‍ ബലൂണും പാമ്പന്‍ ബലൂണും മത്തന്‍ ബലൂണും ഒക്കെ ഉണ്ടാക്കണം,എലാസ്ടിക്ക് നൂലില്‍ പിടിച്ച ടാപ്പ്‌ ടാപ്പ്‌ അടിച്ചു ശബ്ദം ഉണ്ടാക്കാവുന്ന മത്തന്‍ ബലൂനാണ് മുതിര്‍ന്ന കുട്ടികളുടെ ഹരം.ചെറുപ്പക്കാര്‍ പാമ്പന്‍ ബലൂണ്‍ വാങ്ങി കഴുത്തില്‍ ചുറ്റി ഷൈന്‍ ചെയ്യും. കൊച്ചു കുട്ടികല്കാന് കുരങ്ങന്‍ ബലൂണ്‍ വേണ്ടത്‌.വലിയ ബലൂണിന്റെ മുന്‍ഭാഗം മടക്കി തലയാക്കിയും ചെറിയ പാമ്പന്‍ ബലൂനോണ്ട് വാലും കാലുകളും ഉണ്ടാക്കാന്‍ പറഞ്ഞു കൊടുത്തത്‌ ദിവാരെട്ടനാണ്.ദിവാരെട്ടന്റെ കൂടെയാണ് അന്നൊക്കെ ബലൂണ്‍ വിറ്റിരുന്നത്.പിന്നെ അമ്പു സ്വന്തമായി കച്ചവടം തുടങ്ങിയത് ചുമ അധികമായി ദിവാരേട്ടന്‍ കിടപ്പിലായത് മുതലും.അതല്ല അയാളുടെ മകള്‍ സുമതിയെ കെട്ടിയ ശേഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്‌.അമ്പുവിന് അത് കേള്‍ക്കുന്നത് അഭിമാനമായിരുന്നു.ഊരും പേരുമില്ലാത്തവന് അതുണ്ടായത്തിന്റെ അഭിമാനം. “കരിമ്പേ നല്ല കരിമ്പേ,,”മറുഭാഗത്തെ പാതാറില്‍ കരിമ്പ്‌ മുറിച്ചു വില്‍ക്കുന്ന പാരന്തട്ടയിലെ പിള്ളേര്‍ താളത്തില്‍ വിളിക്കുന്നു. “എന്താ അമ്പു ഏട്ടാ കച്ചോടം തുടങ്ങുന്നില്ലേ? കുട്ടനാണ് ചോദിച്ചത്.നാലോ അഞ്ചോ ക്ലാസ്സിലാണ്.ബലൂണ്‍ ഊതാനും വില്‍ക്കാനും അമ്പുവിനെ സഹായിക്കും.നടയിലൂടെ അമ്പലത്തിലേക്ക് നടക്കുന്ന കുട്ടികളുടെ നേരെ ബലൂണ്‍ തട്ടി അവന്‍ നല്ല കേന്‍വാസിംഗ് നടത്തും,പ്രതിഫലമായി ഒരു ബലൂണ്‍ കൊടുത്താല്‍ മതി. അവനിപ്പോ എവ്ടെയാണാവോ...അമ്പു ഏട്ടനെ ഓര്‍ക്കുന്നുണ്ടാവോ. “ഒരു ബലൂണ്‍” ഒരു അച്ഛനും മകളുമാണ്.ഓര്‍മയില്‍ നിന്ന് മേട വെയിലിന്‍റെ യഥാര്‍ത്ഥതയിലേക്ക്‌. “എനിക്ക് പോപ്പ്‌ ബലൂണ്‍ മതി” കിന്നരിച് മകളെ വാരിയെടുത്ത് ഒരുമ്മ കൊടുത്തു ആ അച്ഛന്‍. ഒരു ചുവന്ന ബലൂണ്‍ എടുത്ത് അമ്പു ശക്തിയായി ഊതി.പെട്ടെന്ന് അത് കയ്യില്‍ നിന്ന് ഇളകി അമ്പല പറമ്പിന്റെ മൂലയിലേക്ക് എവിടെയോ തെറിച്ചു പോയി.കണ്ണ് അറച്ചുന്ന സൂര്യന്റെ വെയിലില്‍ അയാളത്‌ കണ്ടെതിയപ്പോഴേക്കും ആ അച്ഛനും കരഞ്ഞു കൊണ്ട് മകളും നടന്നു നീങ്ങിയിരുന്നു.അമ്പു ആ ബലൂണ്‍ കയ്യിലെടുത്ത്‌ ഊതാന്‍ തുടങ്ങി.എന്നാല്‍ എത്ര ഊതിയിട്ടും അതില്‍ കാറ്റ്‌ നിറയുന്നെ ഉണ്ടായിരുന്നില്ല.

അഭിപ്രായങ്ങള്‍

  1. വീണ്ടും ഒരു ഉത്സവകാലം മനസിലേക്ക് വന്നെകിലും എല്ലാം കൈ വിട്ടുപോയെന്ന തിരിച്ചറിവ് ... ഒരു കാറ്റു പോയ ബലൂണ്‍ പോലെ......

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ