പോരാ ഇനിയും വേണം

പണ്ട് പണ്ട് സ്വന്തം എന്ന് പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അവിടുള്ളവർക്ക് വാക്കുകൾ സ്വന്തമായി ഉണ്ടായിരുന്നില്ല എന്നതാണ്. വാക്കുകൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ എല്ലാവരും പല ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ആശയവിനിമയം നടത്തിയിരുന്നത്. ആ ഗ്രാമത്തിൽ ഒരു കറുത്ത കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വെളുത്ത പെൺകുട്ടിയും ഉണ്ടായിരുന്നു. അവനു അവളെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ ഒരിക്കലും അവളോട്‌ അത് പറയാൻ അവനു കഴിഞ്ഞില്ല. കാരണം അതിനുള്ള വാക്കുകൾ അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ കൊറേക്കാലം കഴിഞ്ഞപ്പോൾ വളരെ ബുദ്ധിമാനായ ഒരു വ്യപാരി ലോകത്തെമ്പാടും സഞ്ചരിച്ചു അവസാനം ആ ഗ്രാമത്തിൽ എത്തിച്ചേർന്നു. വാക്കുകൾ ഉണ്ടാക്കുവാനായി അയാൾ ഒരു ഫാക്ടറി നിർമിച്ചു. അങ്ങനെ ഉണ്ടാക്കിയ വാക്കുകൾ അയാൾ വിപണിയിൽ എത്തിക്കുകയും ചെയ്തു. പലതരം വാക്കുകൾക്ക് പലതരം വിലയാണ്. സ്നേഹം, സന്തോഷം, മമത, കരുണ, സഹതാപം എന്നിവയ്ക്കൊക്കെ തീ പിടിച്ച വിലയായിരുന്നു. ആത്മാർത്ഥത, സത്യസന്ധത , സത്യം എന്നിവ വളരെ അപൂർവമായി മാത്രമേ വിപണിയിൽ എത്തിയിരുന്നുള്ളൂ. അത്തരം വാക്കുകൾക്ക് മുൻകൂറായി പണം അടച്ചു ആളുകൾ കാത്തിരുന്നു. പക്ഷെ സാധാരണക്കാർക്ക് മിക്ക നല്ല വാക്കുകളും അപ്രാപ്യമായിരുന്നു. പാവപ്പെട്ടവരുടെ കാര്യം പറയുകയും വേണ്ട. അവർക്ക് കിട്ടിയിരുന്നത് മറ്റു പണക്കാർ ഉപയോഗിച്ച ഉപേക്ഷിച്ച വാക്കുകൾ ആയിരുന്നു. അതും അവർക്ക് ലഭിച്ചിരുന്നത് അവശിഷ്ടങ്ങൾ ഇടുന്ന പെട്ടിയിൽ നിന്നും മറ്റുമായിരുന്നു. എന്നാൽ പലപ്പോഴും അവർക്ക് ലഭിച്ചിരുന്നത് തെണ്ടി, പട്ടി , തന്തയില്ലാത്തവൻ, തുടങ്ങിയ വാക്കുകൾ ആയിരുന്നു. എന്നാലും പലരും പ്രതീക്ഷ കൈവിടാതെ എന്നും അവശിഷ്ടങ്ങൾക്കിടയിൽ തിരഞ്ഞു കൊണ്ടേ ഇരുന്നു. ചിലർക്ക് ചിലപ്പോ മടുത്തു, ഇത് പോരാ, ഇനിയും വേണം തുടങ്ങിയ വാക്കുകൾ കിട്ടിയിരുന്നു. അവർ അത് സൂക്ഷിച്ചു വച്ച് വല്ലപ്പോഴും മാത്രം ഉപയോഗിച്ചു . ആ കറുത്ത ആൺകുട്ടി എന്നും തിരഞ്ഞു കൊണ്ടേ ഇരുന്നു. എന്നെങ്കിലും വെളുത്ത പെൺകുട്ടിയോട് ഇഷ്ടം വെളിപ്പെടുത്താൻ വാക്കുകൾ കിട്ടിയെങ്കിലോ. അങ്ങനെ ഇരിക്കെ ആ ദിനം വന്നെത്തി. അവളുടെ പിറന്നാൾ ആണ് നാളെ . അവൾക്ക് എന്ത് സമ്മാനം ആണ് നൽകുക. ഈ ഗ്രാമത്തിൽ ഇത് വരെ ആരും കൊടുക്കാത്ത സമ്മാനം ആയിരിക്കണം അത്. അവൻ ഒരുപാടു ആലോചിച്ചു. കൂട്ടുകാരോടൊക്കെ ചോദിച്ചു. അവരുടെ കയ്യിൽ ഇല്ല , കൂടെ ഞാനുണ്ട് എന്നൊക്കെ ഉള്ള വാക്കുകളെ ഉള്ളൂ. അച്ഛന്റെ പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ ദാരിദ്ര്യം എന്ന വാക്കു മാത്രമേ ഉള്ളൂ. അവസാനം അവൻ തീരുമാനിച്ചു. വാക്കുണ്ടാക്കുന്ന ഫാക്ടറിൽ പോയി നോക്കാം. ആരും കാണാതെ മതിൽ ചാടിക്കടന്നു അവൻ ഇരുട്ടുന്നത് വരെ ഒളിച്ചിരുന്നു. എല്ലാ ജോലിക്കാരും പോയ ശേഷം അവൻ അതിനകത്തു കേറി. പല പല യന്ത്രങ്ങൾ, ചില്ലിട്ട മുറികൾ എല്ലാം കണ്ടു . വിപണിയിലേക്ക് തയ്യാറാക്കി വെച്ച വാക്കുകൾ. അവന്റെ കൈ തരിച്ചു. ഏതാണ് എടുക്കുക. പല പല മുറികളിൽ ആണ് അവ വെച്ചിട്ടുള്ളത്. അവസാനം അവൻ ഒരു മുറിയുടെ അടുത്ത് എത്തി. അത് മാത്രം ഭദ്രമായി പൂട്ടിയിരുന്നു. വലിയ ചങ്ങല കൊണ്ട് കൊളുത്തിട്ടിരുന്നു. അതവന്റെ ജിജ്ഞാസ വർധിപ്പിച്ചു. എന്തായിരിക്കും ഈ മുറിക്കുള്ളിൽ. ഇത് തന്നെ ആണ് ഞന തേടിയ ആ സമ്മാനം. ഇ ഗ്രാമത്തിൽ ആർക്കും ഇല്ലാത്ത വാക്കു. അവൻ കൈ കൊണ്ടും വായ കൊണ്ടും ശബ്ദം കൊണ്ടും പലവിധ ആയുധങ്ങളും കൊണ്ടും അത് തകർക്കാൻ നോക്കി, പക്ഷെ പറ്റിയില്ല. അവസാനം കണ്ണടച്ച് ചിന്തകൾ കൊണ്ട് ശ്രമിച്ചു നോക്കി. എന്തദ്ഭുദം , പൂട്ട് താനെ തുറന്നു. അകത്തു ചില്ലു കൂട്ടിൽ അലങ്കരിച്ചു വച്ചിരുന്ന ആ വാക്കിന്റെ വില അവനു ഊഹിക്കുവാൻ പോലും പറ്റുമായിരുന്നില്ല. അത് പെട്ടെന്ന് എടുത്ത് അവൻ ഇരുട്ടിലേക്ക് മറഞ്ഞു. പിറ്റേന്ന് അവളെ കാണാൻ അവൻ രാവിലെ തന്നെ പോയി. അതാ അവളെ പിറന്നാൾ ആശംസിക്കാൻ പണക്കാരനായ വെളുത്തൊരു ആൺ കുട്ടി നിൽക്കുന്നു. അവളെ കണ്ടതും അവൻ നിന്നെ എനിക്കിഷ്ടമാണ് എന്ന വാക്ക് ലാഘവത്തോടെ പറഞ്ഞു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. കറുത്ത ആൺ കുട്ടിക്ക് ഇത് കണ്ടു നിൽക്കാനായില്ല. അവൻ അവന്റെ കയ്യിലെ വാക്ക് അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു. എന്നിട്ട് ഒന്നും മിണ്ടാതെ പതുക്കെ ചിരിച്ചു. അവൾ പതുക്കെ അത് നോക്കി പറഞ്ഞു. " സ്വാതന്ത്ര്യം ". അവൾ സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു . അപ്പോളവൻ "പോരാ" ഇനിയും വേണം" എന്ന് ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു പറഞ്ഞു. പിന്നീടവർ വാക്കുകളിൽ പറന്നു പോയി. പിന്നീടാരും അവരെ കണ്ടിട്ടേ ഇല്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ