ചില ശാസ്ത്ര ചിന്തകൾ

മനനം ചെയ്യുന്നവനാണല്ലൊ മനുഷ്യൻ. അപ്പൊ അല്പം മനസ്സിനെ മനനം ചെയ്തു നോക്കിയാലോ എന്ന ചിന്ത കേറി. തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ അതേ സമയത്തു തന്നെയാണ് സ്റ്റീഫൻ ഹോക്കിൻസിന്റെ ഏലിയൻ പ്രവചനങ്ങൾ വായിച്ചത്. മനുഷ്യനേക്കാൾ എത്രയോ മടങ്ങു ബൗദ്ധികമായും സാങ്കേതികമായും വികാസം പ്രാപിച്ച അന്യ ഗ്രഹ ജീവികൾ മനുഷ്യവർഗത്തിന്റെ നാശത്തിനു കരണമായേക്കുമത്രേ. ചെറുപ്പം മുതലേ മനസ്സിൽ വേറിട്ടുറപ്പിച്ച സംസ്ക്കാര ചിന്തകളും ഗുരു പരമ്പരയുടെ അനിഷേധ്യ വൈദിക സിദ്ധാന്തങ്ങളും ഒന്നു കൂടെ വേറൊരു രീതിയിൽ ചിന്തിച്ചു നോക്കി. അല്ലെങ്കിലും ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിക്കുന്ന കാലം മുതലേ തന്നെ എനിക്കു വിശ്വാസമില്ലായിരുന്നു. പിന്നെ.. കുരങ്ങനിൽ നിന്നു മനുഷ്യൻ ഉണ്ടായി പോലും. എന്തായാലുംപരീക്ഷ പാസ്സാവാൻ വേണ്ടി പഠിച്ച പാതി വെന്ത ശാസ്ത്രം തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു. എനിക്കു തോന്നുന്നത് മനുഷ്യൻ ഒരു ഏലിയൻ ആണെന്നാണ്. അനന്ത ശൂന്യമായ ഈ പ്രപഞ്ചനത്തിന്റെ ഏതോ കോണിൽ നിന്നു വന്നവർ. ആവാസ വ്യവസ്ഥ തകിടം മറിഞ്ഞപ്പോൾ വേറൊന്നു തേടി വേറെയേതോ നശിപ്പിക്കപ്പെട്ട ഭൂമിയിൽ നിന്നു ഈ കാണുന്ന ഭൂമിയിൽ എത്തിപ്പെട്ടവർ. ജീവൻ ശേഷിച്ചവർ പ്രകൃതിയോട് മല്ലിട്ട് തങ്ങളുടെ ബുദ്ധി കൂർമ്മത കൊണ്ടു വീണ്ടും സാങ്കേതിക വികാസം സാധ്യമാക്കി. അല്ലെങ്കിലും ഉണ്ടായിരുന്നതാണതെ മനുഷ്യൻ എപ്പോഴും ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. അതു അവന്റെ ന്യൂറോണുകളിലൂടെ ഇനിയും തിരിച്ചറിയാൻ പറ്റിയിട്ടില്ലാത്ത ഡി എൻ എ പോലെ തന്നെ ബൗദ്ധികതയും തലമുറയിൽ നിന്നും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇനി ഒരിക്കൽ തീർച്ചയായും മനുഷ്യൻ അതും മനസ്സിലാക്കും. അന്ന് പക്ഷെ അവന്റെ ഏറ്റവും വലിയ ശത്രു അവനായിരുന്നു എന്നു അവൻ പഴയ പോലെ മനസ്സിലാക്കുന്നതോടെ കഥയ്ക്ക് സ്വാഭാവികമായ അന്ത്യം. അതു ഭൂമിയുടെ കൂടെ അന്ത്യം ആകുന്നതോടെ അവന്റെ ആ പഴയ അന്വേഷണവുമായി ഈ പ്രപഞ്ചത്തിന്റെ നിഗൂഢതയിലേക്ക് വീണ്ടും. മറ്റൊരു ഭൂമി കണ്ടെത്താൻ. ഇതിനെ ഒരു ചതുർയുഗമായി കണക്കാക്കിയാലോ. മനുഷ്യനേക്കാൾ ശക്തനായ ആരൊക്കെയോ ഈ ലോകത്തിൽ ഉണ്ടെങ്കിൽ ഒരു വിശ്വാസിയായി അതിനെ ദൈവം എന്നു വിളിക്കാൻ ശാസ്ത്രത്തിനു കഴിയില്ലെങ്കിലും പല ശാസ്ത്രജ്ഞരും അങ്ങനെ വിശ്വസിക്കുന്നു എന്നാണ് കൂടുതൽ അവരെ കുറിച്ചു പഠിക്കുമ്പോൾ മനസ്സിലാകുന്നത്. ഇനി ഈ ഭൂമിയിൽ അവനെ കൊണ്ടു വന്നത് ആ ശക്തി ആണെങ്കിൽ അതിന്റെ അംശം നമ്മൾ ആണെന്ന് പറയുന്ന അദ്വൈതവും തത്വമസിയുടെ പൊരുൾ തേടിയ ഉപനിഷത്തുകളും സർവ്വോപരി ഭഗവത് ഗീതയും പറഞ്ഞു വച്ചതും മറ്റൊന്നാണെന്നു എനിക്ക് തോന്നുന്നില്ല. ഇനി മരണവും പുനർജനനവും. എണ്ണമില്ലാത്താത്തത്ര ജീവികൾ ഉണ്ടെങ്കിലും അതിനൊരു എണ്ണം തീർച്ചയായും ഉണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. അതു എണ്ണാൻ നമുക്ക് കഴിയാത്തത് കൊണ്ടു അങ്ങനെ പറയുന്നു എന്നു മാത്രം. ഒരു സ്വപ്നത്തിൽ എനിക്ക് തോന്നിയത് ഇങ്ങനെ ആണ്. മരണ ശേഷം നമ്മളെല്ലാം എവിടെയോ ഇങ്ങനെ കാത്തിരിക്കും. പിന്നീട് ഓരോരുത്തരായി അവിടെ നിന്നും വിട പറയും. നമുക്ക് വിശപ്പോ ദാഹമോ ഇല്ല. പക്ഷെ നാമാരെണെന്നും ആരൊക്കെ ആകുമെന്നും ആരൊക്കെ ആയിരുന്നു എന്നും പതുക്കെ മനസ്സിലാകും. കൂട്ടത്തിലെ ചിലർ ചില ജീവികൾ ആയി പോകും. അവർ ഹാപ്പിയായിരിന്നു. കാരണം അതു ഇത്ര ദിവസത്തേക്കാണെന്നു പോകുമ്പോഴേ അറിയാം. അതിനു ശേഷം അടുത്തത് ..അങ്ങനെ അങ്ങനെ. പക്ഷെ എല്ലാരും കൊതിക്കുന്നത് വീണ്ടും മനുഷ്യൻ ആകാനാണ്. ആദ്യമൊക്കെ നമ്മുടെ ബന്ധുക്കളെയും കുടുംബക്കാരെയും ഒക്കെ ഓർമ്മിക്കും. ദുഖിക്കും. പിന്നെ പിന്നെ എല്ലാം മറക്കും. നമ്മുടെ അടുത്ത മനുഷ്യ ജീവിതത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്...എന്നും. എന്തായാലും ആ സ്വപ്നം ഏതോ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. ആ കാത്തിരിപ്പ് അതു ഈ ജീവിതത്തെകുറിച്ചുള്ളതല്ലേ . അപ്പൊ ഇപ്പൊ ഞാൻ ആ ജീവിതം നന്നായി ജീവിക്കണമെന്ന് എന്നെ ഓർമ്മപ്പെടുത്തിയ സ്വപ്നം. ഞാൻ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നു....നാളെയും മറ്റന്നാളും....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ