രണ്ടു പെൺകുട്ടികളും ഞാനും

ഈ കഥയിലെ വില്ലൻ എന്റെ ഒരു അടുത്ത സുഹൃത്ത് ആണ്. ചിലപ്പോ തോന്നും അവനെ വല്ലതും ചെയ്താലോ എന്ന് . മറ്റു ചിലപ്പോ അവൻ എന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അതെല്ലാം മറക്കും. എന്നാലും ആ രണ്ടു പെൺകുട്ടികളെയും ഞാൻ എന്നും ഓർക്കും. അവർ എനിക്കു നൽകിയ സ്‌നേഹവും അവരോടൊത്ത് ചിലവിട്ട ആ നല്ല നിമിഷങ്ങളും. വെള്ളിക്കീൽ ഗ്രാമത്തിൽ വച്ചു നടന്ന ഒരു ക്യാമ്പിൽ വച്ചാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. നിഷ്കളങ്കരായ ഗ്രാമീണരെ പോലെ പൂവിൽ നിന്നും പൂവിലേക്ക് പൂമ്പൊടി തേടി നടക്കുന്ന പൂമ്പാറ്റകളെപ്പോലെ ആ രണ്ടു പെൺകുട്ടികൾ ആ ക്യാമ്പിന്റെ ഓമനകളായിരുന്നു. അവരോടു മിണ്ടാനും കളി തമാശ പറയാനും മറ്റു ആൺകുട്ടികൾ മത്സരിച്ചു.എങ്കിലും അവർ കൂട്ടുകൂടിയത് അവനോടായിരുന്നു. അവൻ നന്നായി പാടുമായിരുന്നു.പക്ഷെ എന്നെ പോലെ ശക്തനായിരുന്നില്ല. ക്യാമ്പിൽ വേണ്ട സാധനങ്ങൾ ടൗണിൽ നിന്നു എന്റെ ചുമലിൽ വച്ചായിരുന്നു കൊണ്ടു വന്നിരുന്നത്. കൂട്ടിനു അവനും. പിന്നീട് ഒരു ആലിൻ ചുവട്ടിൽ ഉച്ച മയക്കത്തിലായിരുന്ന എന്നോട് വളരെ സ്വകാര്യമായിട്ടാണ് അവൻ വന്നു പറഞ്ഞത്. അതും ചുറ്റും ആരും ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട്. ആ രണ്ടു പെൺകുട്ടികൾക്ക് എന്റെ കരുത്താർന്ന ചുമലിൽ കേറണമത്രേ. എനിക്കു ശരിക്കും ചിരി വന്നു. അവന്റെ പാട്ടിനേക്കാൾ എന്റെ ശക്തിയായാണല്ലോ അവർക്ക് ഇഷ്ടപ്പെട്ടത്. അവന്റെ മുഖത്തെ ജാള്യത ഞാൻ ശരിക്കും ആസ്വദിച്ചു. "വൈകുന്നേരമാകട്ടെ" ഞാൻ അവനോടു പറഞ്ഞു. ഹോ അതൊരു വല്ലാത്ത കാത്തിരിപ്പായിരുന്നു.അന്ന് വൈകിട്ടത്തെ സൂര്യൻ വല്ലാതെ ചുവന്നിരുന്നു. വെള്ളിക്കീൽ ഗ്രാമത്തിൽ നിന്നു പട്ടുവം പുഴയിലേക്ക് ഇറങ്ങി നിൽക്കുന്ന ചെറിയ വരമ്പിലൂടെ ആ രണ്ടു പെൺകുട്ടികളെയും ചുമലിലെടുത്തു ഞാൻ മുന്നോട്ട് കുതിച്ചു. എനിക്കപ്പോൾ കുറഞ്ഞത് നൂറു കുതിരയുടെ ശക്തിയെങ്കിലും ഉണ്ടായിരുന്നിരിക്കണം. സന്ധ്യ സമയത്തെ ആ തണുത്ത കാറ്റു വംഅവരുടെ മുടിയിഴകളെ തലോടി .ആ സുഗന്ധം എന്നെ മത്ത് പിടിപ്പിച്ചു. ഞാൻ എന്തെന്നില്ലാത്ത വേഗത്തിൽ ഓടി. അപ്പോഴാണ് അവൻ ശരിക്കും എന്നെ .ദേഷ്യം .പിടിപ്പിച്ചത്. മതി ഇനി തിരിച്ചു പോകാം എന്നു. അവനെ തള്ളി ഇട്ടു കൊല്ലാൻ ശരിക്കും ആലോചിച്ചതാണ്. പട്ടുവം പുഴയുടെ അഗാധതയിലേക്ക്. പക്ഷെ ആ രണ്ടു പെൺകുട്ടികൾ അവരെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു പോയിരുന്നു. അതു കൊണ്ടു തന്നെ അവനെ പിന്നൊരു ദിവസം വക വരുത്താമെന്നു ഞാൻ തീരുമാനിച്ചു. ഇറങ്ങുമ്പോൾ അവർ രണ്ടു പേരും എന്റെ സ്നേഹത്തോടെ എന്റെ ചുമലിൽ തലോടി. വിട പറയുമ്പോൾ അവരുടെ വിരലുകൾ വിറച്ചിരുന്നോ.. അതോ എനിക്ക് തോന്നിയതോ അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. സ്വപ്നങ്ങൾ ആയിരുന്നു മനസ്സു നിറയെ. അവർ തലോടിയ ചുമലുകൾ ഇനി വെള്ളം നനക്കാതെ സൂക്ഷിക്കാൻ തീരുമാനിച്ച എന്നെ പിറ്റേന്നു അവൻ വീണ്ടും ദേഷ്യം പിടിപ്പിച്ചു. ഒരു ബക്കറ്റു നിറയെ വെള്ളം എന്റെ ചുമലിലൂടെ ഒഴിക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു. " ബൈക്കിൽ അപ്പടി ചളിയായി "

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ