ഉമീത്

തികച്ചും യാന്ത്രികമായി മാറിയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അപ്രത്യക്ഷനാകുന്നതുവരെ ഉണ്ടായിരുന്ന തുറന്ന ആകാശത്തിന്റെ ആനന്ദതയെ തിരയാൻ തീരുമാനിച്ച ആ ദിവസം. ഹോഹ് ലുഫ്ട് ബ്രൂകെ യിലെ ഷേപ്പ്ലിൻ തീയറ്ററിൽ നടക്കുന്ന സ്റ്റാൻഡ് അപ്പ് ആക്ടിങ് കോഴ്സിലേക്ക് ഞാനും ചേരാൻ തീരുമാനിച്ചു. ഭാഷയുടെയോ ജാതി മത രാജ്യ വിവേചനമില്ലാതെ ആർക്കും ചേരാമായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. അന്നാണ് ഞാൻ ഉമീതിനെ ആദ്യമായി കാണുന്നത്. കൂട്ടത്തിൽ കൂടാതെ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു അവൻ. കഷ്ടിച്ചു 15 വയസ്സ് പ്രായം വരും.ഒരു സാധാരണ പാന്റും ഷർട്ടുമാണ് വേഷം. കുനിഞ്ഞ ഇരിക്കുകയാണെങ്കിലും ഇടക്ക് തല ഉയർത്തുമ്പോൾ ആ കണ്ണിലെ തിളക്കം വ്യക്തമായിരുന്നു. ട്രെയ്നർ വന്ന ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തി തുടങ്ങി. തന്റെ ഊഴം ആകുംതോറും അവന്റെ വേവലാതി കൂടി വരുന്നുണ്ടായിരുന്നു. കൈകൾ പോക്കറ്റിനുള്ളിലേക്ക് പരമാവധി കയറ്റി മുറി ജര്മനിൽ അവൻ പേരു പറഞ്ഞു. " ഉമീത് ". അഫ്ഗാനിസ്ഥാനിൽ നിന്നാണ്. താലിബാനിൽ നിന്ന് രക്ഷപ്പെട്ടു ജർമനിയിൽ യുദ്ധഅഭയാത്രി ആയി ജീവിക്കുകയാണ്. അവന്റെ മുഖം കണ്ടപ്പോൾ ആർക്കും കൂടുതൽ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. ട്രെയ്നർ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെ പോലെ തന്നെ അവനും ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. അല്ലേങ്കിലും കലയ്ക്കെന്തു ഭാഷ. എങ്കിലും ക്ലാസ് കഴിയുന്നതോടെ അവൻ വീണ്ടും തന്റെ വാല്മീകത്തിലേക്ക് ഊർന്നിറങ്ങിപ്പോകും. ബാഗുമെടുത്ത ഓടുന്ന ഉമീതിനു പിറകെ പലപ്പോഴും ഞാൻ ചെന്നെങ്കിലും ആൾക്കൂട്ടത്തിലേക്ക് അവൻനിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാവും. ആഴ്ചകളും മാസങ്ങളും കടന്നു പോയതോടെ അവനുചില്ലറ മാറ്റങ്ങൾ ഒക്കെ ഉണ്ടായി. ഒരു ദിവസം ക്ലാസിനു അല്പം മുൻപേ ഞാനും അവനും എത്തി. മറ്റുള്ള ആരും തന്നെ എത്തിയിട്ടുമില്ല. എന്റെ മുറി ഭാഷയിലുള്ള സംസാരം കേട്ടപ്പോൾ അവൻ നിർത്താതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. കാര്യമറിയാതെ ഞാനും. ചിരി നിർത്തി അവൻ കാര്യം പറഞ്ഞു. മുറി ഭാഷ പറയാനുള്ള നാണക്കേട് കൊണ്ടാണ് അവൻ ആരോടും മിണ്ടാതെ നിന്നത്. അല്ലെങ്കിലും ഒരേ അവസ്ഥയിലുള്ളവർ തമ്മിൽ നല്ല ചേർച്ച തന്നെ. കെട്ടഴിച്ച വിട്ട മഞ്ചാടി സഞ്ചി പോലെ അവനെന്നോട് സംസാരിച്ചു. അത് ഞാൻ മനസ്സിലാക്കിയതും മറുപടി പറഞ്ഞതും പിന്നെയുള്ള മാസങ്ങളിൽ ഞങ്ങൾ നല്ല ചങ്ങാതിമാരായതും എന്ത് കൊണ്ടാണെന്നു എനിക്കറിയില്ല. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളില്ലേ. അതിന്റെ ഉത്തരം തേടി ചോദ്യത്തിന്റെ സുഖം എന്തിനു കളയണം. അന്നൊരു ദിവസം ക്ലാസ്സിൽ ഓരോരുത്തരും സ്വന്തമായി എന്തെങ്കിലും അഭിനയിച്ചു കാണിക്കണമായിരുന്നു. " ഫോൺ കാൾ " അതാണ് വിഷയം. കൂടുതൽ പേരും കമിതാക്കളുടെ ഫോൺ വിളിയാണ് അഭിനയിച്ചു കാണിച്ചത്. അടുത്ത ഊഴം ഉമീതിന്റെതാണ്. ട്രെയ്നർ പേര് വിളിച്ചപ്പോൾ പതിവ് പോലെ അവനിൽ കാണാറുള്ള സംഭ്രമമോ പേടിയോ കണ്ടില്ല. തന്റെ പഴയ നോക്കിയ ഫോണുമായി ഒരു നിമിഷം തിരിഞ്ഞു നിന്ന ശേഷം അവൻ അഭിനയിച്ചു തുടങ്ങി. അമ്മയുടെ ഫോൺ വരുന്നതും സംസാരിക്കുന്നതുമായിരുന്നു അവൻ തെരഞ്ഞെടുത്തത്. പക്ഷെ ഞങ്ങൾ കണ്ടു തുടങ്ങിയത് ഇത് വരെ കാണാത്ത ഉമീതിനെ ആയിരുന്നു. വളരെക്കാലമായി അമ്മയെ കാണാതിരുന്ന ഒരു പതിനഞ്ചു വയസ്സുകാരൻ പയ്യനെ. സ്നേഹവും വാത്സല്യവും നിറഞ്ഞ കൈകളിലേക്ക് വീഴാൻ കൊതിക്കുന്ന, കണ്ണീരുപ്പു കലർന്ന കവിളിന്റെ ചൂടറിയാൻ കാത്തിരിക്കുന്ന ഒരു മകന്റെ ചില നിമിഷങ്ങൾ. അവസാനം 'അമ്മ അടുത്ത് തന്നെ അവനെ കാണാൻ വരുമെന്നുള്ള വാർത്ത അറിയുമ്പോൾ തുള്ളിച്ചാടുന്ന രംഗവും കൂടി അഭിനയിച്ചു നിർത്തുമ്പോൾ ഞങ്ങൾ കയ്യടിക്കുകയായിരുന്നില്ല. മറി ച്ചു അതെ കൈകൾ കൊണ്ട് കണ്ണീരു തുടക്കുകയായിരുന്നു. അഫ്ഗാൻ യുദ്ധത്തിൽ നിന്ന് ഉമീതും കുടുംബവും പലായനം ചെയ്യുകയായിരുന്നു. ജനിച്ചു വളർന്ന നാട് വിട്ടു വരുന്നതിനുള്ള വിഷമമല്ലായിരുന്നു അവരോരോരുത്തർക്കും. ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് ആയിരങ്ങൾ, അവരിൽ കുറച്ചു പേര് മാത്രമായിരുന്നു ഉമീതും കുടുംബവും. പക്ഷെ പെട്ടെന്ന് വന്ന അസുഖം അവന്റെ അമ്മയെ തളർത്തി. അഫ്ഗാൻ ഇറാൻ അതിർത്തിയിലെ ഒരു ചെറിയ ഹെൽത്ത് സെന്ററിൽ വച്ച് ഉമീദിനെയും ചേട്ടനെയും അച്ഛനെയും നിർബന്ധിച്ച പറഞ്ഞയക്കയായിരുന്നു അവന്റെ 'അമ്മ. അവർ രക്ഷപ്പെട്ടു ചെന്നാൽ കാണാമല്ലോ എന്നാണ് ആ 'അമ്മ പറഞ്ഞത്. തന്നെക്കുറിച്ച അവർ ചിന്തിച്ചതേയില്ല. പിന്നീട് ഇറാൻ ഇറാക്ക് തുർക്കി വഴി യൂറോപ്പിലേക്കും പിന്നീട് ജര്മനിയിലേക്കും എത്തി ചേരുമ്പോഴേക്കും ഉമീത് തനിച്ചായിപ്പോയിരുന്നു. ഇറാക്ക് ബോര്ഡറില് വച്ച് ചേട്ടനും ഇറ്റലിയിലേക്കുള്ള ബോട്ടിൽ വച്ച് അച്ഛനെയും അവനു പിരിയേണ്ടി വന്നു. ഇതെല്ലം എന്നോട് പറയുമ്പോൾ ഒരു തുള്ളി കണ്ണീരു പോലും അവന്റെ കണ്ണിൽ നിന്ന് പൊടിഞ്ഞില്ല. അല്ലെങ്കിലും ഇത്ര ചെറിയ പ്രായത്തിൽ യുദ്ധവും അതിനു ശേഷമുള്ള ജീവിതവും കണ്ട കണ്ണുകൾ, അവയിൽ കണ്ണീരു വറ്റിപ്പോയിരിക്കുന്നു. ഇപ്പോൾ അഭയാര്ഥികൾക്കുള്ള കണ്ടെയ്നർ വീട്ടിലാണ് അവന്റെ താമസം. അവനെ പോലെ തന്നെ ഉള്ള ഒരുപാടു കുട്ടികൾ ഉണ്ടവിടെ. അടുത്തുള്ള സ്കൂളിൽ അവർ പോകുന്നുണ്ട്. ഭക്ഷണവും ബുദ്ധിമുട്ടില്ലാതെ കിട്ടും. എങ്കിലും അച്ഛനോ അമ്മയോ കൂടെയില്ലാതെ ജീവിക്കുകയാണ് അവരെല്ലാരും. പിന്നീടുള്ള എന്റെ രാത്രികളിൽ ഉമീതിന്റെ കണ്ണീരു വറ്റിയ മുഖം പലപ്പോഴും കടന്നു വന്നു. എന്തെങ്കിലും ചെയ്യണമെന്ന് മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ ഉറച്ചൊരു തീരുമാനമെടുത്ത ദിവസം അവന്റെ ക്യാമ്പ് അന്വേഷിച്ചു പോയി. അവൻ പറഞ്ഞ വിലാസത്തിൽ ചെന്നെങ്കിലും അവിടം ശൂന്യമായിരുന്നു. അവിടെ ഉണ്ടായിരുന്ന ഓഫീസർ പറഞ്ഞത് ക്യാമ്പ് പുതിയ സ്ഥലത്തേക്ക് മാറ്റി എന്നായിരുന്നു. തദ്ദേശീയരുടെ ഭീഷണി മൂലം ക്യാമ്പ് വിവരങ്ങൾ രഹസ്യമായിട്ടാണ് സൂക്ഷിക്കുന്നത് എന്നതിനാൽ എനിക്ക് കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഉമീത് പിന്നീടൊരിക്കലും ക്ലാസിനു വന്നില്ല. ഓരോ പ്രാവശ്യവും ആ മുഖം ഞാൻ തിരഞ്ഞു. ഇന്നും തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു. അല്ലെങ്കിലും ആൾക്കൂട്ടത്തിൽ അപ്രത്യക്ഷമാകാൻ അവൻ മിടുക്കനാണല്ലോ. പക്ഷെ അവനു വേണ്ടി തുടിക്കുന്ന ഒരമ്മയുടെ ഹൃദയവുമായി ഞാൻ ഇന്നും കാത്തിരിക്കുകയാണ്.. ഉമീത് , അതെ പ്രതീക്ഷയോടെ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ