മറുപുറം

മറുപുറം കച്ചറക്കാൻ ഹള്ളിയിലെ ഇരുനില വീടിന്റെ ഉമ്മറത്തു ഇരുന്നു ജോസ് അച്ചായൻ ഓർമ്മകളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇസ്‌റോയിൽ (ഐ എസ് ആർ ഒ) നിന്നു റിട്ടയർ ചെയ്തതിനു ശേഷം മക്കൾ തനിച്ചാക്കി പോകും വരെ വളരെ സന്തോഷവാനായിരുന്നു അച്ചായൻ. പക്ഷെ ചിറകറ്റ പക്ഷിയെപ്പോലെ ഇന്ന് ഭാര്യയുമൊത്തു വാർദ്ധക്യ ജീവിതം. മുകളിലെ നിലയിലെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. മൂന്നു റൂമുകൾ മൂന്നു പേർക്കായി. ഒന്നിൽ ഒരു ഘാനക്കാരൻ വിദ്യാർത്ഥിയാണ്.പിന്നെ ഒരു ഹിന്ദിക്കാരൻ ഐ ടി എഞ്ചിനീറും ഒരു മലയാളി പയ്യനും. പാവം, പണിയൊന്നും ആയിട്ടില്ല. എഞ്ചിനീറിംഗ് പഠിത്തമൊക്കെ കഴിഞ്ഞു ഇവിടെ ജോലി അന്വേഷിച്ചു നടക്കുകയാണ്. ജോലി ഇല്ലാത്തവന് റൂമു കൊടുക്കേണ്ടന്നു തെറ്റാതെ വാടക വാങ്ങിക്കാൻ വരാറുള്ള മക്കൾ പല പ്രാവശ്യം പറഞ്ഞതാണ്.പക്ഷെ വർഷങ്ങൾക്ക് മുൻപ് ബി എ കഴിഞ്ഞു ഒരുഗതി പരഗതി ഇല്ലാതെ പാമ്പാടിയിൽ നിന്നു ഉദ്യാനനഗരത്തിൽ എത്തിയപ്പോൾ കീശയിൽ ആകെ ഉണ്ടായിരുന്നത് പന്ത്രണ്ട് രൂപയാണ്. ഒടുവിൽ അതും തീർന്നു കോടിഹള്ളിയിൽ ഇസ്‌റോക് മുന്നിലെ കാന്റീനിനു മുന്നിൽ തീ പിടിച്ച വയറുമായി നിൽക്കുമ്പോൾ ബിസിബെല ബാത് വാങ്ങി തന്നത് പയ്യന്നൂരിലെ രാമകൃഷ്ണാട്ടൻ. പിന്നെ ഇസ്‌റോയിൽ കിട്ടിയ കോൺട്രാക്ട് ജോലിക്കും അവിടെ നിന്നു തുടങ്ങിയ നല്ല ജീവിതത്തിനും എന്നും കടപ്പെട്ടിരിക്കുന്നത് ആ പയ്യന്നൂരുകാരനോട് ആണ്. അതു കൊണ്ടു തന്നെ പയ്യന്നൂരിൽ നിന്നു വന്ന ഒരാളോട് സ്മരണ ഇല്ലാതെ പെരുമാറാൻ അച്ചായൻ നന്ദികെട്ടവനല്ല. എന്തായാലും അവനും മുടങ്ങാതെ വാടക കൊടുക്കുന്നുണ്ട്. പിന്നെ എന്നും സുഖ വിവരം അന്വേഷിക്കും, സ്വന്തം മക്കൾ പോലും ചെയ്യാത്ത കാര്യം. ജോലി അന്വേഷണ പുരോഗതിയും അറിയിക്കാറുണ്ട്, പുരോഗതി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും. ഈ നഗരത്തിൽ വന്നിട് അറുപതു വർഷത്തോളമായി. കഴിഞ്ഞ ഇരുപതു വർഷത്തിൽ ഇവിടെയുണ്ടായ മാറ്റം കണ്ണടച്ചു തുറക്കുന്നതിനു മുൻപായിരുന്നു. കാടുപിടിച്ചു കിടന്ന ഔട്ടർ ബാംഗ്ളൂർ ഐ ടി ഹബ്ബ് ആയതും എണ്ണമില്ലാത്തത്ര ഉണ്ടായിരുന്ന തണ്ണീർത്തടങ്ങളും തടാകങ്ങളും അംബര ചുംബികൾ ഊറ്റിക്കുടിച്ചതും അവിടെയൊക്കെ എണ്ണമില്ലാത്ത, ചിരിക്കാൻ മറന്നുപോയ ദേശാന്തര സഞ്ചാരികളെ കൊണ്ടു നിറഞ്ഞതും ഇന്നലെ എന്ന പോലെ ഞാനിന്നും ഓർക്കുന്നു. " ദേ എന്താ ചിന്തിച്ചിരിക്കൊണ്ടിരിക്കുന്നേ..പിസ തണുത്തു പോയി" ഭാര്യ ഓർമിപ്പിച്ചു. പതിവ് പോലെ അന്നും അച്ചായന്റെ ഓർമ്മ കണക്കെടുപ്പ്തെറ്റി. ഈ തെറ്റൽ അങ്ങേരിപ്പോ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. കാരണം വീണ്ടും ഒന്നു മുതൽ ഓർത്തു തുടങ്ങാമല്ലോ. തണുത്തു ഉറപ്പായ മാര്ഗേറിട്ട കഷ്ടപ്പെട്ടു ചവച്ചു അന്ന നാളത്തിലേക്ക് ഇറക്കി വിടുമ്പോൾ എന്നോ പിണങ്ങിയ നാവു തന്റെ നഷ്ടപ്പെട്ടുപോയ രസകുകുളങ്ങളെ ഓർത്തു ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു. അല്ലെങ്കിലും ഇതിനൊന്നും തന്റെ ഭാര്യയെ കുറ്റം പറയാൻ അച്ചായനാകുമായിരുന്നില്ല. തങ്ങളുടേതല്ലാത്ത ജീവിതം ജീവിച്ചവർ ആരെ കുറ്റം പറയാൻ. "ദേ ഷേർളി പുതിയ കാറു വാങ്ങി കേട്ടോ. നിങ്ങൾ എന്നാ ഈ പഴഞ്ചൻ സ്കൂട്ടർ മാറ്റുന്നത്?" "അറിഞ്ഞോ ജെയ്സന്റെ അനുജൻ ഇന്ദിരാ നഗറിൽ ഫ്ലാറ് വാങ്ങി പോലും" " പിന്നെ നമ്മടെ ദീപേടെ മോന് ഡൽഹി പബ്ലിക് സ്‌കൂളിൽ അഡ്മിഷൻ കിട്ടിയത്രേ." ലോണും ബാങ്കും പലിശയും. പിന്നെ ഇവിടത്തെ ട്രാഫിക്കും. നാല്പത് വര്ഷത്തെ ജീവിതത്തിൽ സമ്മാനിച്ച ഓർമകൾ ഇതു മാത്രമാണ്. അവൾക്കാണെങ്കിൽ എന്നും ഭാരിച്ച വീട്ടു ജോലി ആണ്. വസ്ത്രങ്ങൾ എല്ലാം വാഷിങ് മെഷീനിൽ ഇടണം, വാക്വം ക്ളീനർ ഉപയോഗിച്ചു വീട് വൃത്തിയാക്കണം. പിന്നെ പാതിവ് പോലെ ടോസ്‌റ്ററിൽ ബ്രെഡും ഓവനിലെ പിസയും. ഒരു ശരാശരി ബാംഗ്ളൂർ വീട്ടമ്മക്ക് ഉള്ളത്ര ജോലികൾ അവൾക്കും ഉണ്ടായിരുന്നു. കിറ്റി പാർട്ടിയും പോട്ട് ലുക്കും ഇതുപോലെ കഷ്ടപ്പെടുന്ന വീട്ടമ്മമാർക്ക് സന്തോഷിക്കാൻ കിട്ടുന്ന അവസരങ്ങൾ ആയിരുന്നു. അച്ചായൻ ബാംഗ്ളൂർ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ചത് ആണും പെണ്ണുമായി രണ്ടു മക്കൾ ജനിച്ചപ്പോൾ മാത്രമാണ്. പിന്നീട് അവരുടെ വിദ്യാഭ്യാസവും ജീവിതവും ജോലിയുമൊക്കെ ആയപ്പോൾ അച്ചായൻ ചിരിക്കാൻ തന്നെ മറന്നു പോയി. ആ ദയനീയ ഭാവമാണ് വീടന്വേഷിച്ചു ചെന്ന സജി ആദ്യം ശ്രദ്ധിച്ചത്. പയ്യന്നൂരിൽ നിന്നാണെന്നു പറഞ്ഞപ്പോ രാമകൃഷ്ണാട്ടനെ അറിയാമൊന്നും ചോദിച്ചു.കാര്യം എന്തെന്ന് അങ്ങേരു പറഞ്ഞില്ലെങ്കിലും വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വരാറുള്ള അച്ഛനോട് പ്രത്യേകിച്ചു സ്നേഹമൊന്നും അവനുണ്ടായിരുന്നില്ല. മറ്റു കുട്ടികൾ അച്ഛനോടൊത്തു കളിക്കുമ്പോൾ തന്നെ തനിച്ചാക്കി എവിടെയോ ഒളിച്ച അച്ഛനെ വെറുക്കാനാണ് മനസ്സു പറഞ്ഞത്. അതു കൊണ്ടു തന്നെ ജോസച്ചായനോട് "അറിയില്ല" എന്ന് മാത്രമേ അന്നവൻ പറഞ്ഞുള്ളൂ.എങ്കിലും മക്കൾ ഒറ്റക്കാക്കി പോയ അങ്ങേരോട് എന്തോ ഒരു സ്നേഹം അവനു തോന്നി. അതുകൊണ്ട് എല്ലാ ദിവസവും കുറച്ചു നേരം എന്തെങ്കിലുമായി സംസാരിക്കാൻ അവൻ ശ്രദ്ധിച്ചു. ഐ ടി രംഗത്തെ അതികായന്റെ ഇന്റർവ്യൂ. ഒരുപാട് പ്രിപ്പേർ ചെയ്തു പോയെങ്കിലും കിട്ടിയില്ല. നിരാശയോടെ തിരിഞ്ഞു നടക്കുമ്പോൾ കിട്ടിയ നാലു പേർ ചിരിച്ചു കൊണ്ടും കിട്ടാതെ പോയ നാന്നൂറ് പേര് കൂടെയുണ്ടായിരുന്നു. ഐ ടി വിട്ടു വേറെ വല്ലതും നോക്കിപോകേണ്ട അവസ്ഥയായെന്നു കിട്ടാത്ത ഒരുത്തൻ കൂട്ടുകാരോട് പറയുന്നുണ്ടായിരുന്നു. അമേരിക്കയിൽ അമേരിക്കക്കാർക്ക് മാത്രം ജോലി കൊടുക്കുന്ന സർക്കാരാണത്രെ. ഔട്സോഴ്സിങ് എന്ന പദം തന്നെ കാലഹരണപ്പെട്ടു. എല്ലാം പെട്ടെന്നായിരുന്നു. സ്വദേശവാദികൾ എല്ലാ രാജ്യത്തും മുൻ തൂക്കം നേടിയിരിക്കുന്നു. കുടിയേറിപ്പാർത്തവർ തീർത്തും ഒറ്റപ്പെട്ടും ആക്രമിക്കപ്പെട്ടും കൊണ്ടിരിക്കുന്നു. ഇനി കൃഷി ചെയ്യാമെന്ന് വച്ചാൽ അന്തകൻ വിത്തുകൾ മണ്ണിന്റെ അന്തകനായി എല്ലാത്തിലും വിഷം മാത്രം അവശേഷിപ്പിച്ചിരിക്കുന്നു, നിരാശനായി സജി തിരിച്ചു വന്നപ്പോൾ അച്ചായൻ ഉമ്മറത്തു തന്നെയുണ്ട്. കരഞ്ഞു പോയ മുഖം പുറത്തു കാണിക്കാതിരുന്നിട്ടും അനുഭവങ്ങളുടെ കണ്ണാടിയിൽ അച്ചായൻ അതെല്ലാം കണ്ടു. റിട്ടയർ ചെയ്തിറങ്ങുമ്പോൾ കണ്ണു നനച്ചും വിരലുകൾ മുറുക്കെ പിടിച്ച ഒരു മുഖം മനസ്സിൽ തെളിഞ്ഞു. ഒരു കത്തെഴുതി അതി രാവിലെ തന്നെ സജിയെ ഏൽപ്പിച്ചു. അവൻ സന്തോഷത്തോടെ അനുഗ്രഹം വാങ്ങി ഇറങ്ങുമ്പോൾ ഹൃദയത്തിനു അല്പം ലഖുത്വം തോന്നി. " ഒ രാമകൃഷ്ണാട്ടന്റെ മോനല്ലേ" ഇസ്രോ കോംപോസിറ്റ് ഡിപ്പാർട്മെന്റ് ഹെഡ്‌ അച്ചായന്റെ കാത്തു വായിച്ചു ചോദിച്ചപ്പോൾ സജിക്ക് ഒന്നും മനസ്സിലായില്ല. കോൺട്രാക്ട് ജോലിക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത സജിക്ക് ഉണ്ടായിരുന്നത് കൊണ്ടും കാര്യങ്ങൾ എളുപ്പമായി. അടുത്ത മാസം മുതൽ അവനു അവിടെ ജോലി ചെയ്യാം. പിന്നെ അതു സ്ഥിരപ്പെട്ടു കിട്ടാനും സാധ്യത ഉണ്ടെന്നു കേട്ടപ്പോൾ സജിക്ക് ഉള്ളിലെ സന്തോഷം കണ്ണിലൂടെയാണ് വന്നത്. എത്രയും പെട്ടെന്ന് അച്ചായനെ കണ്ടു നന്ദി പറഞ്ഞു ചോദിക്കാൻ സജിക്ക് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചു റൂമിലേക്ക് ചെല്ലുമ്പോൾ അച്ചായൻ ഉമ്മറത്തു ഉണ്ടായിരുന്നില്ല. സുഖമില്ലാത്തോണ്ട് ആശുപത്രിയിൽ പോയതാണെന്ന് അടുത്ത റൂമിലെ ഘാനക്കാരൻ പയ്യൻ പറഞ്ഞു.വന്ന വഴിയേ താഴേക്കിറങ്ങുമ്പോഴേക്കും ആംബുലൻസിൽ അച്ചായൻ തിരിച്ചെത്തിയിരുന്നു. അപ്പോൾ ആ മുഖത്ത് പതിവ് തെറ്റിച്ചു നിറഞ്ഞ ശാന്തത. എന്നും ഇരിക്കാറുള്ള ആ ഉമ്മറത്തു കിടത്തുമ്പോൾ സജിക്കായി ബാക്കി വെച്ച ഒരു പുഞ്ചിരി ബാക്കി ഉണ്ടായിരുന്നു. അതിൽ അവൻ കാത്തു വെച്ച ആ ചോദ്യത്തിന്റെ ഉത്തരവും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ