എഴുതാത്ത പേന

പലപ്പോഴും പോയിട്ടുള്ള ഒരു വഴിയിലൂടെയാണ് ഞാനിന്നും പോകുന്നത്. എന്നിട്ടും എന്തോ ഉൾ വിളി. സാധാരണ ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായാൽ ആറാമിന്ദ്രിയത്തിന്റെ നിർദ്ദേശം അനുസരിക്കാറാണ് പതിവ്. എന്നിട്ടും ഇന്ന് ഞാൻ ബനസ്‌വാഡി റോഡിൽ നിന്നും ഇന്ദിരാ നഗറിലേക്ക് പോകുന്ന ഇടുങ്ങിയ റോഡ് തെരഞ്ഞെടുത്തു. എന്റെ ജീവിതത്തിലെ നിർണായകമായ ഒരു ദിവസമായിരിക്കും ഇതെന്ന്എന്റെ മനസ്സു ഓര്മപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ഫ്‌ളൈഓവർ ഇറങ്ങി കുറച്ചു ചെന്നപ്പോഴാണ് ഒരു ഒരുപതു വയസ്സു തോന്നിച്ച പയ്യൻ ലിഫ്റ്റിന് കൈ കാണിച്ചത്. ഈ വഴി സാധാരണ ബസ്സ് പോകാറില്ല. അതു കൊണ്ടു തന്നെവല്ലവരും കൊടുക്കുന്ന ലിഫ്ട് കിട്ടിയാൽ നാലുകിലോമീറ്ററോളം നടത്തം ലാഭിക്കാം. പയ്യനല്ലേ..കുറച്ചു നടന്നു ആരോഗ്യം നന്നാവട്ടെ എന്നു കരുതി ഞാൻ വണ്ടി നിർത്തിയില്ല. ഇങ്ങനെ ചില ചെറിയ ഉപകാരങ്ങൾ അല്ലെ പുതു തലമുറയോട് ചെയ്യാൻ പറ്റൂ. പക്ഷെ അധിക ദൂരം പോയില്ല. ഒരു വയസ്സൻ കൈ കാണിക്കുന്നുണ്ട്. മാന്യമായ വേഷം. ഒരു ഇളം നീല ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്. മുടി ഒരുപാട് എണ്ണ തേച്ചു നന്നായി ചീകിയിട്ടുണ്ട്. തമിഴനാണെന്നു ഒറ്റ നോട്ടത്തിൽ അറിയാം. കയ്യിൽ ഒരു തുണി സഞ്ചിയും പിടി പോയ കുടയും. ഇതു എന്നെ അല്പം കുഴപ്പിച്ചു.അയാൾക്ക് അതു തീരെ ചേരുന്നില്ല. വൈകിപ്പോയി. സ്കൂട്ടർ ഞാൻ സ്‌ലോ ചെയ്തിരുന്നു.അയാളാണെങ്കിൽ ഒരു ലിഫ്ട് ഇതാ കിട്ടിപ്പോയീ എന്ന സന്തോഷത്തിലും. "സാർ ഇന്ദിരാ നഗർ " ഞാൻ തലയാട്ടി ഫൂട്ട് റെസ്റ് താഴ്ത്തിക്കൊടുത്തു.അയാൾ പതുക്കെ കയറി ആ തുണി സഞ്ചി എന്റെയും അയാളുടെയും ഇടയിലായി വച്ചു.ഞാൻ വേഗത കുറച്ചു സ്കൂട്ടർ ഓടിക്കുമ്പോൾ അയാൾ പിറകോട്ടു വീശുന്ന കാറ്റിനെ തോൽപ്പിച്ചുകൊണ്ടു എന്നോട് ചോദിച്ചു. " സാർ, ആർ യൂ വർക്കിങ്?" എന്റെ തലയാട്ടലിൽ അയാൾ അടുത്ത ചോദ്യം കൊരുത്തു. "വിച് കമ്പനി സാർ" സാധാരണ ഇത്തരം ചോദ്യങ്ങൾക്ക് വിശദമായ കമ്പനി പ്രൊഫൈല്‍ കൊടുക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതു കൊണ്ടു തന്നെ ഞാൻ ഒന്നും മിണ്ടിയില്ല. "സാർ ഹൗ മാച് സാലറി യു ഗെറ്റ് " തമിഴന്മാർ അവരുടെ അച്ഛനെ വരെ സാറേ വിളിക്കുന്നവരാണോ എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങൾ ഏതെങ്കിലും തരത്തിൽ അവരെക്കാൾ ഉയരത്തിൽ ആണെന്ന് തോന്നിയാൽ പിന്നെ സാർ എന്നല്ലാതെ വിളിക്കില്ല. പിന്നെ ഒരു വിധേയത്വവും. വീര പാണ്ട്യ കട്ടബൊമ്മന്റെ നാട്ടുകാർക്ക് എന്നു മുതലാണ് ഈ അടിമത്തം നട്ടെല്ലിൽ കയറിയതെന്ന് മനസ്സിലാകുന്നെ ഉണ്ടായിരുന്നില്ല. എന്തായാലും അയാളുടെ ചോദ്യങ്ങളെ പാടെ അവഗണിച്ചു രക്ഷപ്പെടാം എന്നു കരുതിയപ്പോൾ ഉത്തരം പറയാനുള്ള ബാധ്യത കൂടി അയാൾ ഏറ്റെടുത്തു. "ഐ നോ സാർ. വൺ ലാഖ്‌ അല്ലെ .ഇത്രയും ക്യാഷ് കൊണ്ടു നിങ്ങൾ എന്തു ചെയ്യും സാർ" അയാൾ പെട്ടെന്ന് മലയാളം പറഞ്ഞത് കേട്ടു അമ്പരന്നെങ്കിലും പുറത്തു കാണിച്ചില്ല.കാരണം ഇപ്പോൾ കാര്യങ്ങളുടെ പോക്ക് ഞാൻ ഊഹിച്ചു. പൈസ ചോദിക്കാനാണ് ഈ മുഖവുര ഒക്കെ. മുൻപും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം ഭാഷ പറയുമ്പോൾ ഒരു അലിവൊക്കെ ആർക്കും തോന്നാം.പ്രത്യേകിച്ച മറുനാട്ടിൽ ആകുമ്പോൾ.ഭാഗ്യം ഇന്ദിരാ നഗർ എത്താറായി. ഒരു റെയിൽവേ ഗേറ്റുണ്ട്. അന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ടു ഞങ്ങൾ എത്തിയതും ഗേറ്റടഞ്ഞു. അയാൾക്ക് സൗകര്യമായി. താഴെ ഇറങ്ങി ഒരു കദന കഥ പറയാൻ ആരംഭിച്ചു.സാരം ഇങ്ങനെ. അയാൾ നല്ലൊരു ഹോട്ടലിൽ റിസെപ്ഷനിസ്റ് ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യക്ക് അസുഖം വന്നു ചികിത്സക്കും മറ്റുമായി കൊറേ പൈസ ചിലവായി. ഇപ്പൊ ജോലി ഇല്ല. " സാർ നിങ്ങടെ കമ്പനീൽ ഒരു ജോലി ശരിയാക്കി തരുമോ?" ഹോ. പൈസ ചോദിക്കും എന്നാണ് ഞാൻ കരുതിയത്. ഇതിപ്പോ എന്താ പറയുക.. ചേട്ടാ ഞാൻ കമ്പനിയിലെ ഒരു സാധാരണ ജോലിക്കാരനാണ്. ജോലി ശരിയാക്കാനൊന്നും എനിക്ക് ആവില്ല.ഇതാണ് ഞാൻ പറയാൻ ഉദ്ദേശിച്ചതെങ്കിലും " ചേട്ടൻ എനിക്ക് ഒരു റെസ്യുമെ അയക്കൂ .ഞാൻ ശ്രമിക്കാം." എന്നാണ് നാവിൽ നിന്നു വന്നത്.അല്ലെങ്കിലും അതീ നഗരത്തിന്റെ സ്വഭാവമാണ്. തനിക്ക് മേലെ ആരുമില്ലെന്ന് സ്ഥാപിക്കൽ. സ്കൂട്ടറിൽ പോകുന്നവന് നടക്കുന്നവനെ പുച്ഛം, കാറുകാർക്ക് ബൈക്കുകാരെയും, കാറുകാരെ എസ് യു വി ക്കാർക്കും അവരെ സ്പോർട്സ് കാറുകാർക്കും ..പണ്ട് സ്കൂളിൽ ഫുഡ് ചെയിൻ പോലെ പക്ഷെ ഇതു കൂട്ടിമുട്ടാത്ത ചെയിൻ ആണ്. സഹജീവി സ്നേഹത്തെ ചങ്ങലക്കിട്ട ചെയിൻ. ട്രെയിൻ കടന്നു പോയി.മറുവശത്തു നിന്നും വണ്ടികൾ വന്നു തുടങ്ങിയപ്പോൾ ഞാൻ സ്കൂട്ടർ സ്റ്റാർട് ചെയ്ത് മുന്നോട്ടെടുത്തു.അയാൾ പിന്നീടങ്ങോട്ട് ഒന്നും തന്നെ സംസാരിച്ചില്ല.എന്തോ അയാളുടെ ആ മൗനം എന്നെ വേദനിപ്പിച്ചു. "സാർ ഇവിടെ നിർത്തിയാൽ മതി" നാലാമത്തെ ക്രോസ്സ് എത്തിയപ്പോൾ അയാൾ പറഞ്ഞു. വണ്ടി ഒതുക്കിയ ശേഷം അയാൾ ഇറങ്ങുമ്പോൾ ഞാൻ പഴ്സിൽ നിന്നു ഒരുഅഞ്ഞൂറു രൂപ എടുത്തു. അതു അയാളുടെ കയ്യിലേക്ക് വെക്കുമ്പോൾ ആ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു. കാരണം ഉള്ളിന്റെ ഉള്ളിൽ ഞാനും ഒരു സാധാരണക്കാരനാണു. കണ്ണീരു കാണുമ്പോൾ നനയാതിരിക്കാൻ നമ്മുടെ ആരുടെയും മനസ്സും മരവിച്ചിട്ടില്ല. അർത്ഥമില്ലാത്ത ആ നാട്യം മാറ്റി വച്ചാൽ മാത്രം മതി. കടം വാങ്ങാൻ അഭിമാനം അനുവദിക്കാത്ത ആ സാധാരണക്കാരൻ എന്നെ വീണ്ടും തോൽപ്പിച്ചു. "സാർ ഇതു വാങ്ങണം" അയാളുടെ കയ്യിലെ ആ തുണി സഞ്ചി അയാൾ എന്റെ കയ്യിലേക് നീട്ടി. വേണ്ടെന്നു എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ അയാൾ അതു സ്കൂട്ടറിന്റെ ഹാന്ഡിലിൽ തൂക്കി ഇട വഴിയിലൂടെ നടന്നു മറഞ്ഞു. പോക്കെറ്റിൽ നിന്നു ഫോൺ റിങ് ചെയ്യുന്നത് അപ്പോഴാണ് ശ്രദ്ദിച്ചത്.പതിവിലും അല്പം വൈകിയത് കൊണ്ടാണോ എന്തോ ഭാര്യയാണ്. ഉത്തരം പറഞ്ഞു ബുദ്ധിമുട്ടാൻ താല്പര്യം ഇല്ലാത്തത് കൊണ്ടു ആ സഞ്ചി സ്കൂട്ടറിന്റെ സീറ്റിനടിയിൽ വച്ചു ഞാൻ യാത്ര തുടർന്നു. നഗരത്തിലെ തിരക്കു പിടിച്ച ജീവിതത്തിൽ പിന്നീട് അയാളെയും ആ സഞ്ചിയെയും ഞാൻ മറന്നു. പിന്നീട് എപ്പോഴോ സ്കൂട്ടർ സർവീസ് ചെയ്യാൻ കൊടുക്കാൻ പോയപ്പോഴാണ് ആ സഞ്ചി വീണ്ടും കാണുന്നത്. അതിൽ ചെറിയ ഒരു കാർഡ്ബോർഡ് പെട്ടിയാണ് .ഒരു ഗിഫ്റ്റ് പേപ്പറിൽ അതു പൊതിഞ്ഞിരുന്നു. പതുക്കെ പേപ്പർ അഴിച്ചപ്പോൾ കണ്ടത് മോണ്ട് ബ്ലാങ്കിൻറെ ഫൗണ്ടൈൻ പേനയാണ്. അതിന്റെ ഒറിജിനൽ പാക്കിങ്ങിൽ ആയതു കൊണ്ടു അതു തികച്ചും പുതിയത് തന്നെ എന്നു ഊഹിക്കാം. അതിന്റെ പിറകിൽ " വി ആൽവേസ് റിമെംബേർ യൂർ സർവീസ്..താങ്ക്യൂ..ഫ്രാങ്ക്‌ ആൻഡ് ഫാമിലി" എന്നെഴുതിയിട്ടുണ്ട്. അയാളുടെ ഹോട്ടലിൽ താമസിച്ച ഏതോ ഫ്രഞ്ചുകാരൻ സമ്മാനമായി കൊടുത്തതാവണം. തന്റെ ജോലിക്ക് ഇതിലും നല്ല സാക്ഷ്യപത്രം അയാൾക്ക് ഇല്ല തന്നെ. അഞ്ഞൂറു രൂപയുടെ ദരിദ്ര ദാനത്തിനു അയാൾ എനിക്കു തന്നത് പത്തായിരത്തിലധികം വില വരുന്ന പേന.ഒരു മൺ തരിയോളം ഞാൻ ചെറുതായിപ്പോയി. പിന്നീട് പലപ്പോഴും ബനസവാടി ഇന്ദിരാ നഗർ റോഡിലൂടെ വന്നെങ്കിലും അയാളെ ഞാൻ പിന്നീട് കണ്ടതേ ഇല്ല. ആ പേന ഇന്നും ഉപയോഗിക്കാതെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ജീവിത്തിലെ പല സത്യങ്ങളും ഇടക്ക് ഓർമിക്കാൻ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

ഈ ലോകം വളരെ നല്ലതാണ് ...നമ്മൾ ചിന്തിക്കുന്നത് പോലെ!

സിനിമാക്കഥ