പാരഡൈസിലെ ഷനോ

കുറെ നാളെത്തെ വിദേശ വാസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ഷനു കമ്പിതുണ്ടിൽ തന്റെ പഴയ തട്ടകമായ ബാംഗളൂരിൽ വീണ്ടും എത്തിപ്പെട്ടു. പണ്ട്..അതും വളരെ പണ്ട് , വിദ്യാഭ്യാസ കാലം കഴിഞ്ഞ ഉടൻ അയൽക്കാരുടെയും നാട്ടുകാരുടെയും സർവ്വോപരി സ്നേഹനിധികളായ ബന്ധുക്കളുടെയും " പണിയൊന്നുമായില്ല അല്ലെ..പാവം " സഹതാപം കേട്ട് മടുത്തപ്പോൾ ഏജന്റിന് ക്യാഷ് കൊടുത്തു മണലാരണ്യത്തിലേക്ക് പോയതാണ്. അവിടെ പണിയെടുക്കുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. അത്യാവശ്യം കാശുണ്ടാക്കി നാട്ടിൽ സുഖമായി കഴിയണമെന്ന് . എന്തു ചെയ്യാൻ.. തിരിച്ചു വന്നപ്പോ വീണ്ടും അതേ നാട്ടുകാർ, വീട്ടുകാർ..പഴേ ചോദ്യവുമായി." ദുബായീന്ന് പറഞ്ഞു വിട്ടതാ അല്ലെ?" ഹോ അവരുടെ ഒരു സന്തോഷം.. തിരിച്ചു പോവാൻ മനസ്സു സമ്മതിച്ചില്ല. പണ്ട് ജോലി അന്വേഷിച്ചു നടന്ന ബാംഗ്ളൂരിലേക്ക് തന്നെ വച്ചു പിടിച്ചു. ദുബായീന് വന്നതിന്റെ പുതുമ മാറീട്ടില്ല. ഇപ്പോഴും എല്ലാം ദിർഹത്തിൽ കണക്കാക്കി ഇന്ത്യൻ റുപ്പിയയിലേക്ക് മാറ്റുമ്പോൾ നമ്മുടെ നാട്ടിൽ ജീവിക്കാൻ തീരെ ചെലവില്ല എന്നു തോന്നും. അങ്ങനെ കമ്മനഹള്ളിയിലെ പി ജി യിൽ താമസം തരപ്പെട്ടു, ജോലി അന്വേഷണവുമായി .. സ്ഥലത്തെ സാമാന്യം പേരുള്ള മലയാളി ഹോട്ടൽ ആയ പാരഡൈസിൽ നിന്നു രാജകീയമായ ഭക്ഷണത്തെ കഴിക്കാനും ആരംഭിച്ചു. കുബ്ബൂസു തിന്നു മരവിച്ച നാവിനു കല്ലുമ്മക്കായ കിസ്മിസും ചെമ്മീൻ ചാന്നാസും പിന്നെ ചിക്കെൻ ചങ്കൊത്തിന്റെയും രുചി സ്വർഗം കാണിച്ചു. ഷനു കമ്പിതുണ്ടിലിനു ഈ ഭക്ഷണമുണ്ടാക്കിയ ആളെ കാണണം എന്നുണ്ടായിരുന്നെങ്കിലും പാചകക്കാരൻ എത്ര വിളിച്ചിട്ടും പുറത്തേക്ക് വന്നേ ഇല്ല. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ ഷാനുവിന്റെ ദുബൈ വീര സാഹസിക കഥകൾ സപ്ലയർമാരുടെ മുന്നിൽ കാച്ചി. ദേ ഈ ഇരിക്കുന്നത് ദുബൈ ഷേക്ക് ആണെന്ന മട്ടിൽ. അതിനു ശേഷം എപ്പോഴൊക്കെ അവിടെ ഭക്ഷണം കഴിക്കാൻ പോയോ അപ്പോഴൊക്കെ ഷാനുവിന്റെ മേശക്കു ചുറ്റും സപ്ലയർമാർ എന്തിനും തയ്യാറായി നിന്നു. അയ്യോ പാവങ്ങൾ. കൊറച്ചു ടിപ്പ് കൊടുക്കാം. അന്നത്തെ സ്‌പെഷൽ ആയ മട്ടൻ മാറ്റിനിയും ഇഡ്ഡലി കൊത്തും കഴിച്ചു നൂറു രൂപ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സപ്ലയർ പയ്യന് കൊടുത്തു. അവന്റെ വിടർന്ന മുഖം കണ്ടപ്പോ ഷാനുവിനും സന്തോഷമായി. ഇതു കണ്ട കൂട്ടുകാരൻ പറഞ്ഞു. " ഡാ നിനക്ക് പൈസ കൊറേ ഉണ്ടെങ്കിൽ എനിക്കും താ". "അവർ പാവങ്ങൾ അല്ലേടാ" ഇനിയും പാവങ്ങളെ സഹായിക്കണമെന്നു ചിന്തിച്ചു ഷാനു റൂമിലേക്ക് നടന്നു. പിറ്റേന്നു പ്രാതൽ കഴിക്കാനും ആ സ്വര്ഗത്തിലേക്ക് തന്നെ പോയി.പഴയ സപ്ലയർ പയ്യൻ എനിക്കു വേണ്ടി എന്തിനും തയ്യാറായി നിൽപ്പുണ്ട്. എന്റെ ചെറിയ അനക്കം കണ്ടാൽ അവൻ ഓടി എത്തും. ഈ രാജകീയ പരിവേഷം ഷാനുവിന് ശരിക്കും ഇഷ്ടമായി. പക്ഷെ ഇത്രയും ഭവ്യത കാണിച്ച പയ്യന് ഇനി ടിപ്പ് കൊടുക്കാതിരിക്കുന്നതെങ്ങനെ? അന്നും കൊടുത്തു നൂറു. പിറ്റേ ദിവസം റോഡിൽ നിന്നു പാരഡൈസിന്റെ ഭാഗത്തേക്ക് തിരിയുമ്പോഴുണ്ട് അവിടെ ആ സപ്ലയർ പയ്യൻ നില്കുന്നു. ഷാനുവിന് ഒരല്പം മൂലയിലേക്ക് വിളിച്ചു അവൻ പറഞ്ഞു. " സാറേ അവിടത്തെ ഭക്ഷണത്തെ കൊള്ളൂല. ഒരു പാട് ദിവസം പഴയ ഭക്ഷണം ചൂടാക്കിയാണ് എല്ലാം ഉണ്ടാക്കുന്നത്. അതു കൊണ്ടു സാറ് വേറെ എവിടുന്നേലും കഴിച്ചോ" ടിപ്പ് കിട്ടിയതിന്റെ നന്ദി അവൻ കാണിച്ചു. അങ്ങനെ ആ പാരഡൈസിൽ നിന്നു വേറൊരു മലയാളി ഹോട്ടൽ തേടി നമ്മുടെ ഷാനോ കമ്പിതുണ്ടിൽ യാത്ര ആരംഭിച്ചു....(തുടരും....തുടരേണ്ട...വേണ്ടേ...)

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ