ഒരു ബെംഗളൂരു പ്രണയം

എം ജി റോഡിലെ തിരക്കു പിടിച്ച ഒരു പകൽ. പതിവ് പോലെ ആ ശനിയാഴ്ചയും വായ നോട്ടത്തിനായി ബ്രിഗേഡ് റോഡ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഹരി ഒരാൾക്കൂട്ടം കണ്ടത്. റോഡിലെ കാഴ്ചകൾ പ്രത്യേകിച്ചും ആരേലും തല്ലു കൂടുന്നത് ,ചീത്ത വിളിക്കുന്നത് നല്ല രസമാണ് കാണാൻ.ഭാഷയറിയില്ലെങ്കിലും അന്യോന്യം തെറി പറയുന്നത് കാണുമ്പോൾ ഒരു ഉൾപുളകം ഉണ്ടാകും. നല്ല കുട്ടി സിംബൽ ഉള്ള ഹരിക്ക് പ്രത്യേകിച്ചും. അടുത്തേക്ക് ചെന്നപ്പോഴാണ് കൂടുതൽ രസം. മോഡേൺ വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഓട്ടോക്കാരനുമായി വാക്കേറ്റമാണ്. പെൺകുട്ടി ഇംഗ്ലീഷിലും ഓട്ടോക്കാരൻ കന്നടയിലും. പതിവ് പോലെ പെൺകുട്ടി തനിച്ചാണ്. സകലമാന ജനങ്ങളും അവളെ ഒരു പീഡിതവസ്തുവായി നോക്കുന്നുണ്ട്. "വേണം ഇമ്മാതിരി ഡ്രെസ്സ് ഒകെ ഇട്ടു വരുമ്പോ ആലോചിക്കണം" ഒരു മാന്യൻ പിറു പിറുത്തു കാത്തിരിക്കുന്നുണ്ട്.അവളുടെ ഇറുകിയ വസ്ത്രത്തിലെ ഉലച്ചിലുകൾ കാണാൻ. ഓട്ടോക്കാരൻ മീറ്ററിൽ കാണിച്ച തുകയുടെ മൂന്നിരട്ടിയാണ് ചോദിക്കുന്നത്. ഹോ ഇപ്പൊ ഓട്ടോക്കും വാറ്റും സെസും സ്വച്ഛ് ഭാരത് ടാക്സ് ഒക്കെ ഉണ്ടോ? ഹരി തന്നെത്താൻ ചോദിച്ചുപോയി.ഈ ആത്മഗതം അല്പം ഉറക്കെ ആയതിനാലും തരക്കേടില്ലാത്ത വേഷം ധരിച്ചതിനാലും പെൺകുട്ടി അവനെ കണ്ടു.കൂട്ടത്തിൽ വിശ്വസിക്കാവുന്നവനാണെന്നെന്നു തോന്നിയ കൊണ്ടോ അതോ പെട്ടെന്ന് മണ്ടനാവുന്നവനെന്ന തോന്നിയ കൊണ്ടോ എന്തോ അവൾ അടുത്തോട്ടു വന്നു പറഞ്ഞു. "കുഡ് യൂ പ്ളീസ് ഹെൽപ് മീ" "വൈ നോട് " ഇവിടുന്ന് ഇത്ര പെട്ടെന്ന് ഈ ഉത്തരം തന്റെ നാക്കിലേക്ക് ഓടിക്കേറി .ഹരിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.പൊതുവെ പെൺകുട്ടികളുടെ ഒരു മാന്ത്രികത ആണത്.കാണാൻ കൊള്ളാവുന്ന കുട്ടിയാണേൽ പറയുകയേ വേണ്ട. പിന്നെ സംഭവിച്ചതെല്ലാം ഹരിക്ക് ഒരു സിനിമ പോലെ ആണ് തോന്നിയത്. തനിക്ക് അറിയാവുന്ന കന്നഡയിൽ ഓട്ടോക്കാരനോട് സംസാരിച്ചപ്പോൾ " ഏയ് ..മകനേ " എന്നു ചോദിച്ച അയാൾ അടുത്തു വന്നതും പിന്നെ നടന്ന പിടിവലിയിൽ ഷർട്ട് കീറിയതും എല്ലാം.പിന്നെ എന്തൊക്കെയോ മിസ്സ് ആയിപ്പോയീ. ചിലപ്പോ തോന്നും കന്നഡ അറിയാത്തത് നന്നായെന്ന്.കാരണം അയാൾ പറഞ്ഞതൊക്കെ നല്ല ഒന്നാന്തരം തെറികൾ ആയിരുന്നു എന്നു ഇടക്കിടക്കുള്ള "മകനെ.." കേൾക്കുമ്പോൾ മനസ്സിലായി. ഒടുവിൽ ആളുകൾ ഒഴിഞ്ഞു പോയപ്പോൾ ഫൂട്ട് പാത്തിൽ വെറുതെ ഇരിക്കുകയായിരുന്നു ഹരി. ബൈക്കുമായി വന്ന കൂട്ടുകാരൻ "എടാ എവിടെ ആ പെണ്ണ് ?.കാണാൻ എങ്ങനെ ?. നമ്പർ വാങ്ങിച്ചോ ?" കിട്ടിയ നമ്പർ ഒന്നൊന്നായി അവന്റെ ചെവിയിൽ പറഞ്ഞപ്പോ " എന്നാ പോവ്വല്ലേ " അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. പിന്നെ കുറച്ചു ദിവസം മേല് വേദന ആയിരുന്നു.എന്നാലും ആ ഓട്ടോക്കാരൻ എന്റെ നേരെ തിരിഞ്ഞപ്പോൾ ഒന്നു പാളി നോക്കി നടന്നു നീങ്ങിയ ആ പെണ്ണിനെ ഒന്നു കാണണം എന്നുണ്ടായിരുന്നു. ഇനി ഒരുത്തനും ഒരു പെണ്ണിനേയും സഹായിക്കാൻ പോകാൻ പാടില്ല എന്നു പറ്റുമ്പോഴെക്കെ അവൻ കൂട്ടുകാരെ ഉദ്ബോധിപ്പിക്കുന്നതും ശീലമാക്കി. നാളുകൾ കടന്നു പോയി. ഹരി എല്ലാം മറന്നിരുന്നു. അല്ലെങ്കിലും ആണുങ്ങൾ അങ്ങനാണല്ലോ.പെണ്ണുങ്ങളെ പോലെ യുഗങ്ങൾക്ക് മുന്നേ നടന്ന ചെറിയ കാര്യങ്ങൾ വരെ ഓർത്തെടുക്കുന്ന സ്വഭാവം അവർക്കില്ലാതെ പോയി.അതു കൊണ്ടു തന്നെ എപ്പോഴും ചെറിയ കാര്യങ്ങളിൽ കൂടുതൽ സന്തോഷിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഓഫീസിലെ ചില കൂട്ടുകാരുടെ കൂടെ ഒരു സിനിമ കാണാൻ പോയതാണ് ഹരി. മലയാള സിനിമ കുറഞ്ഞ ചിലവിൽ കാണാൻ ശിവാജി നഗറിലെ സംഗീത് തീയറ്ററാണ് ആശ്രയം. ഇരുനൂറ്റമ്പത് രൂപയുടെ മൾട്ടിപ്ളെക്സ് ടിക്കറ്റും പിന്നെ ഇരുന്നൂറു രൂപയുടെ ചോളപ്പൊരിയും അഥവാ പോപ്കോണും വാങ്ങി തിന്നുന്നവരെ അവനു പുച്ഛമാണ്.തനി നാട്ടിന്പുറത്തുകാരന്റെ അനാവശ്യ ചിലവിന്റെ ഡെഫിനിഷനിൽ ഇങ്ങനെയൊക്കെയാണല്ലോ. എന്തായാലും എൺപതു രൂപയുടെ ടിക്കറ്റുമായി ഒരിക്കലും വൃത്തിയില്ലാത്ത സംഗീതിന്റെ കീറിയ സീറ്റിൽ ഹരിയും കൂട്ടുകാരും ഇരുന്നു.അപ്പോഴാണ് ആറു പെൺകുട്ടികൾ അകത്തേക്ക് കയറിയത്. അവർ ഇരുന്നത് ഹരിയുടെ മുന്നിലെ വരിയിലും. "ഹലോ അനുപമ" അവന്റെ കൂട്ടുകാരൻ പെൺകുട്ടികളിൽ ഒരാളെ വിളിച്ചു. ഇതവന്റെ നമ്പർ ആയിരിക്കും എന്നു കരുതിയെങ്കിലും തെറ്റി. അവൾ അവന്റെ കൂടെ കമ്പനിയുടെ സോഫ്ട് സ്‌കിൽ ട്രെയിനിങ്ങിൽ ഉണ്ടായിരുന്നവളാണത്രെ. അവർ പരിചയം പുതുക്കി.കൂട്ടത്തിലെ ഓരോരുത്തരും അന്യോന്യം പരിചയപ്പെട്ടു.അപ്പോഴാണ് ആ മുഖം. തീയറ്ററിലെ മങ്ങിയ വെളിച്ചത്തിലും ഹരിക്ക് അവളെ മനസ്സിലായി. അവളാണെങ്കിൽ അങ്ങനെ ഒരു പരിചയവും കാണിക്കുന്നില്ല. ഇനി ചെലപ്പോ മനസ്സിലായിക്കാണില്ല. എന്തായാലും ഇന്റെർവെൽ ആകട്ടെ. ഹരി സിനിമയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. ഇന്റർവെൽ ആയി. ഈ തീയറ്ററിൽ നാട്ടിലെ തീയറ്ററിലെ പാൻറി പോലുമില്ല. കൊറച്ചു കടലയും നുറുക്കും പിന്നെ ഐസ്ക്രീമും മാത്രം. പെൺകുട്ടികളെ നന്നായി പരിചയപ്പെട്ടു. മറ്റേ പെൺകുട്ടിയാണെങ്കിൽ ആലുവാ മണപ്പുറത്തെ പരിചയം പോലും കാണിക്കാതെ പുതിയ ഒരാളെ പരിചയപ്പെടുന്ന രീതിയൽ ഹരിയെ പരിചയപ്പെട്ടു.മലയാളി ആണ് .ഇപ്പൊ അവനും അല്പം സംശയം തോന്നിത്തുടങ്ങി.സംശയത്തിന്റെ ആനുകൂല്യത്തിൽ ചോദ്യം ചെയ്യൽ പോലും നടന്നില്ല.എന്തായാലും ഹരിയുടെ ഗ്രൂപ്പ് ആൺ കുട്ടികളുടെ അഭിമാനം കാത്തു.ഒലിപ്പീരിന്റെ അന്ത്യത്തിൽ ഓരോ പെൺകുട്ടിയുടെയും ഫോൺ നമ്പർ വാങ്ങി.സിനിമ കഴിഞ്ഞു എല്ലാരും പിരിഞ്ഞു. 141 നമ്പർ വിവേക് നഗർ ബസ്സിൽ കയറിയ ഉടൻ തന്നെ വിട്ടു ഒരു ഹായ് മെസ്സേജ്. ഒരു മിനുട്ട് ..രണ്ടു മിനുട്ട് ..മണിക്കൂർ ഒന്നായി. റൂമിലെത്തിയിട്ടും റിപ്ലൈ വന്നിട്ടില്ല.അങ്ങനെ പരാജയം സമ്മതിക്കാൻ ഹരി ഒരുക്കമായിരുന്നില്ല. എഴുതിയെടുത്ത സപ്പ്ളിപ്പേപ്പറുകൾ അവന്റെ വില് പവറിന്റെ മാറ്റ് അറിഞ്ഞിട്ടുണ്ട്. പിന്നെയാ..അവൻ വീണ്ടും ഒരു മെസ്സേജ് അയച്ചു. ഇത്തവണ കൊറച്ചു ബുദ്ധി ഉപയോഗിച്ചു. അല്ലേലും പെണ്ണിന്റെ മുൻപിൽ നിൽക്കുമ്പോൾ മാത്രമേ ബുദ്ധിക്കൊരു ഇളക്കം ഉള്ളത്. അതു പിന്നെ കണ്ണുകൾ പലപ്പോഴും കോൺസെൻട്രേഷൻ കളയുന്നത് കൊണ്ടത്രേ. അവളുമാരുടെ കൊച്ചുടുപ്പും കുട്ടിക്കുപ്പായോം. ഹരി മനസ്സിൽ നിന്നു അതെല്ലാം മായ്ച്ചു കളഞ്ഞു മെസ്സേജ് ടൈപ്പ് ചെയ്തു. " എനിക്ക് കണ്ടപ്പോഴേ മനസ്സിലായി. കൂട്ടുകാരുടെ ഇടയിൽ നാണക്കേടാക്കേണ്ടന്നു കരുതിയാ പറയാഞ്ഞേ. ഒരു സോറി ഞാൻ പ്രതീക്ഷിച്ചു." "സോറി ട്ടോ.." ദേ വന്നു അടുത്ത നിമിഷം. പിന്നെ സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു. ഹരിക്ക് കൂടുതലൊന്നും ടൈപ്പ് ചെയ്യേണ്ടി വന്നില്ല. അവളുടെ മെസ്സേജുകൾ വായിച്ചെടുക്കൂമ്പോഴേക്കും ഒന്നിന് പിറകെ മറ്റൊന്ന് വന്നു കൊണ്ടേ ഇരുന്നു. അങ്ങനെ അടുത്ത ആഴ്ച ആയപ്പോഴേക്കും ഹരി രണ്ടു ടിക്കറ്റ് ഗോപാലൻ മാളിലെ മൾട്ടിപ്ലെക്സിൽ ബാഹുബലിക്ക് ബുക്ക് ചെയ്തിരുന്നു. അങ്ങനെ പോപ്കോൺ തിന്നു തൊട്ടുരുമ്മി മൾട്ടിപ്ലെക്സിൽ AC യിൽ ഇരുന്നു അവർ കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനു എന്നു ചിന്തിക്കാതെ വേറെ എന്തൊക്കെയോ സംസാരിച്ചിരുന്നു. കൃത്യം ഒരു മാസമായപ്പോഴേക്കും എണ്ണമില്ലാത്ത കണ്ടു മുട്ടലുകളും പരസ്പരം അറിയാത്ത കാര്യങ്ങൾ ഒന്നുമില്ലെന്നുമുള്ള അവസ്ഥ വന്നപ്പോൾ ഹരിയുടെ ഉള്ളിലെ മാന്ത്രികൻ മന്ത്രിച്ചു." പറഞ്ഞോ മോനെ..ഹരീ" അങ്ങനെ ലാൽ ബാഗിലെ ബെഞ്ചിൽ ചാരിയിരുന്നു അവൻ അവളെ പ്രൊപ്പോസ് ചെയ്തു. പിന്നെ അവിടെ നടന്നത് ഹരി വിശ്വ വിദൂര സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം. "ഛെ ഹരിയെക്കുറിച്ചു ഞാനിങ്ങനെ ഒന്നുമല്ല കരുതീത്.നല്ലൊരു ഫ്രണ്ട്‌ .അതിലപ്പുറം ഒന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ല." "ഇനി അങ്ങനെ ചിന്തിച്ചൂടെ" "ഹരിക്ക് എങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നു. ഇനി ഇതാണ് തന്റെ ഉദ്ദേശമെങ്കിൽ ഇനി എന്നോട് മിണ്ടണ്ട " അവൾ ബാഗുമെടുത്തു ഒരൊറ്റപ്പോക്ക്. ഹരി അവശ കാമുകനായി അവിടെ കുറച്ചു നേരം ഇരുന്നു.ഒരപ്പൂപ്പൻ താടി പോലെ പറന്നു നടന്ന അവന്റെ മനസ്സ് നനഞ്ഞ പഞ്ഞി പോലെ ഭാരം നിറഞ്ഞതായി തീർന്നു. ഇതു വരെ നടന്നത് എത്രയോ കഥകളിലും സിനിമകളിലും കണ്ടിരിക്കുന്നു.എങ്കിലും അനുഭവിക്കുമ്പോഴേ ആ നിമിഷത്തെ വേദന മനസ്സിലാവൂ. ഹരിയുടെ അടുത്തു അങ്ങനെ പറഞ്ഞെങ്കിലും അവൾ നടക്കുമ്പോൾ അവനെക്കുറിച്ചു തന്നെയാണ് ചിന്തിച്ചു കൊണ്ടിരുന്നത്. സാധാരണ ഒരു ഐ ടി കമ്പനിയിൽ ജോലിചെയ്തിരുന്ന അവൾക്ക് അതേ പോലെ തന്നെ ജോലിയുള്ള ഹരിയെ കല്യാണം കഴിച്ചു കഷ്ടപ്പെടാൻ ഇഷ്ടമുണ്ടായിരുന്നില്ല. ഈ എം ഐ അടച്ചു ജീവിതം ബംഗളൂരിലെ ട്രാഫിക്കിലും പൊടിയിലും തീർക്കാൻ തീരെയും.എങ്കിലും അവൻ പിന്നാലെ വരുമെന്നും കൊറേ കാലം നല്ല എൻ ആർ ഐ പയ്യനെ ഒന്നും കിട്ടിയില്ലെങ്കിൽ തിരിച്ചു വന്നൊരു സോറി പറഞ്ഞാൽ ഹരിയുടെ കൂടെ ജീവിക്കാമെന്നും അവൾ ചിന്തിച്ചു. അല്ലെങ്കിലും എം ജി റോഡിലെ സംഭവത്തിനു ശേഷം സംഗീത് തീയറ്ററിൽ കണ്ടപ്പോൾ ഒന്നും മിണ്ടാതെ ലോലനായി ഉള്ള അവന്റെ നിൽപ്പ് കണ്ടപ്പോഴേ മനസ്സിലായതാണ്, ഇതു പഴയ കൊച്ചു മുതലാളിയെ പോലെ പാട്ടു പാടി നടക്കുകയെ ഉള്ളൂ എന്ന്. അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ആണുങ്ങളിലെ ഈ വർഗത്തെ കിട്ടിയാൽ ജീവിതം സുഖം. ഉള്ളാലെ ചിരിച്ചു കൊണ്ടു അവൾ ഒരു ഓട്ടോ വിളിച്ചു പതിവ് പോലെ എം ജി റോഡിലേക്ക് പോയി. ഹരി അവിടെ നിന്നു ഒരുപാട് കരഞ്ഞു. ഒരു നിർത്താത്ത കരച്ചിലായിരുന്നു. ഒരു പെണ്ണും കരഞ്ഞു കാണില്ല ഇതു പോലെ. പ്രേമം തകരുമ്പോഴുള്ള ഒരാണിന്റെ കരച്ചിൽ അതൊരുത്തനും വിഷയമല്ല.അധികം ആരും കണ്ടു കാണുകയുമില്ല. കൂടിയെന്നും ഉണ്ടാകാറുള്ള കൂട്ടുകാരല്ലാതെ.ലാൽ ബാഗിലെ മരങ്ങളും തർക്കിച്ചു. അവരാണത്രെ പ്രേമത്തിൽ നുറുങ്ങിയ ഹൃദയങ്ങളുടെ കണ്ണീർച്ചാലിൽ വളർന്നത്. ഹരി ബൈക് സ്റ്റാർട്ട് ചെയ്ത് ലാൽ ബാഗ് മെയിൻ റോഡിലൂടെ റിച്ച്മണ്ട് സർക്കിൾ വഴി റൂമിലേക്ക് പുറപ്പെട്ടു.. റോഡിൽ വാഹനങ്ങൾ മുഴുവൻ കുടുങ്ങി കിടക്കുന്നു. ശനിയാഴ്ച ട്രാഫിക്. ബസ്സുകളെയും കാറുകളെയും പിന്നിലാക്കി അവന്റെ ബൈക് മുന്നോട്ട് പോയി. തിമ്മയ്യ റോഡിലൂടെ മുന്നോട്ട് കേറുമ്പോൾ പിറകിലൂടെ കുരുക്ക് തീർന്നു വാഹനങ്ങൾ മുന്നോട്ട് നീങ്ങി.എന്തോ സെൻട്രൽ മാളിന്റെ അടുത്തു എത്തിയപ്പോൾ ഒരാൾക്കൂട്ടം. ബൈക്കിൽ നിന്നു തന്നെ അവൻ കണ്ടു. ഓട്ടോക്കാരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പെൺകുട്ടി. ""വേണം ഇമ്മാതിരി ഡ്രെസ്സ് ഒകെ ഇട്ടു വരുമ്പോ ആലോചിക്കണം" പിറു പിറുത്തു അവൻ ബൈക്ക് റൈസ് ചെയ്തു പോകുമ്പോൾ ഒരു ചെറുപ്പക്കാരന്റെ " വൈ നോട്ട്" കേട്ടിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ