ഹോ ആശ്വാസം !!

എനിക്ക് അറിയില്ല എന്തെഴുതണം എന്നു.എങ്കിലും എന്തോ ഒന്നു ഉള്ളിൽ ചുര മാന്തുന്നുണ്ട് , മനസ്സിനെ മഥിക്കുന്നുണ്ട് ,കൈവിരലുകളെ പ്രകോപിക്കുന്നുണ്ട്. ഒരു ഡാം തുറന്നു വിടുന്നത് പോലെ ഇളക്കി വിട്ടാൽ വഴി തെറ്റിപ്പോകും എന്നു ഭയക്കുന്ന വികാരങ്ങളുണ്ട്, പിന്നെ ചില വിചാരങ്ങളും. ഭാവനയ്ക്ക് ഇപ്പൊ വംശനാശം വന്നു കൊണ്ടിരിക്കയാണോ എന്നാണ് സംശയം. ഇപ്പൊ കൂടുതലും വേണ്ടത് അളിഞ്ഞ മത്തിയിൽ ഉണ്ടാക്കുന്ന പൊളിറ്റിക്കൽ സ്റ്റൂ ആണ് . ഒന്നു അളിഞ്ഞു മറ്റൊന്നിനു വളമാകുന്നു എന്ന ചൊല്ല് ഇപ്പൊ വളമല്ല ഭക്ഷണം എന്നു പറയേണ്ട അവസ്ഥ വരെ ആയി. ദേ ..വഴി തെറ്റുന്നു. ക്രിയാ മണ്ഡലത്തിലെ നിന്മനോന്നതങ്ങളിലെ അനിശ്ചിതാവസ്ഥ തുടർന്ന വേളയിൽ മേലധികാരിയുടെ പ്രപിതാമഹന്മാരെ സ്മരിച്ചു സമർപ്പിച്ച പൂരത്തെറി പ്പാട്ടിലെ വൃത്തം മനസ്സിലായ കമ്പനിക്കാർ കാർ വിളിച്ചു തന്നില്ല എന്നെ ഉള്ളൂ.ആത്മാഭിമാനത്തിന്റെ അഹന്തയിൽ ഇറങ്ങിപ്പോരുമ്പൊ പ്രതീക്ഷകളുടെ ഭാരം മാത്രമേ മാറാപ്പിൽ എന്റെ മൂലധനമായി ശേഷിച്ചിരുന്നുള്ളൂ. അതിന്റെ മാറ്റു നോക്കി സമയം കളയാതെ നേരത്തെ അറിഞ്ഞു നേടാനുറച്ച ലക്ഷ്യങ്ങളിലേക്ക് പ്രപഞ്ച സൃഷ്ടാവിന്റെ കരങ്ങൾ താങ്ങായപ്പോൾ ഇതാ..ഞാൻ ഇപ്പൊ ഇവിടെ ഇതെഴുതി തുടങ്ങുന്നു. കണ്ട കഥയൊന്നും കഥയല്ല കൂട്ടരേ..ഈ കേട്ട പാട്ടൊന്നും പാട്ടല്ലേ പാണരെ.. നൂറ്റാണ്ടു മുന്നേ നൂറ്റവരാടിയ ആറടി മണ്ണിന്റെ കഥയല്ല കൂട്ടരേ.. ഞാനീ പറയു ന്ന കഥയാണ് നേരിന്റെ നേര് തേടി അലഞ്ഞൊരു നാടിന്റെ ... ശ്രീ ഭൃഗു രാമനാൽ ദാനമായികിട്ടിയ വാക് ദത്ത ഭൂമിയായ് മാറാതെ പോയൊരു നാടിന്റെ നന്മകൾ കണ്ണടച്ചോടിയ നാളുകൾ സ്വന്തമായ് കണ്ണിണ തെറ്റാതെ നോക്കിയ പൊന്മകൾ പിച്ചിപ്പൂവായ് വളര്ന്നത് കാത്തൊരാ അമ്മ തൻ നെഞ്ചിലെ തീയായ് ഒരു ദിനം പിച്ചി പറിച്ചൊരു കുപ്പയിൽ തള്ളിയ ശ്വാനനും കിട്ടിയൊരു മെഡൽ സ്വന്തമായ് അന്തിയുറങ്ങാൻ രമ്യ ഹർമ്യങ്ങളും വാക്കിന്റെ വാളുകൾ വാടകയ്ക്കും. ഇനിയും വയ്യയീ നോസിന്റെ ജീവിതം നൊസ്സുകാരെ ഭരിക്കുന്ന ശല്യരും. മാറ്റമില്ലാതെ ഉള്ളൊരീ മാറ്റത്തെ മാറത്തടുക്കി നടക്കുന്നു ഇന്ന് ഞാൻ. മാറ്റമില്ലാതെ ഉള്ളൊരീ മാറ്റത്തെ മാറത്തടുക്കി നടക്കുന്നു ഇന്ന് ഞാൻ. .ഹോ...അല്പം ആശ്വാസം....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ